ഗ്ലെൻമൊറാഞ്ചി ഡിസ്റ്റിലറി പുറത്തിറക്കിയ 50 വർഷം പഴക്കമുള്ള വിസ്കിക്ക് 31 ലക്ഷം രൂപയാണ് വില. ഇതിന്റെ ഉയർന്ന വിലയ്ക്ക് കാരണം വിസ്കിയുടെ രുചി മാത്രമല്ല, അത് സൂക്ഷിച്ചിരിക്കുന്ന അപൂർവമായ സെറാമിക് പാക്കേജിങ് കൂടിയാണ്. ബ്രാൻഡിന്റെ പ്രശസ്തി വർദ്ധിപ്പിക്കുക എന്നതാണ് കമ്പനി ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഒരു കുപ്പി വിസ്‌കിക്കായി 30,000 യൂറോ (31 ലക്ഷം രൂപ ). വില കേട്ട് ഞെട്ടേണ്ട. ഈ വിസ്‌കിയുടെ വിലയില്‍ വലിയൊരു പങ്ക് അതിന്റെ രുചിക്കു മാത്രമല്ല, വിസ്‌കി സൂക്ഷിച്ചിരിക്കുന്ന അപൂര്‍വമായ കുപ്പിക്കും കൂടിയാണ്. ആഡംബര വിസ്‌കി വിപണിയില്‍ പാക്കേജിങ്ങിനും അതിലെ കലാമൂല്യത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. 1843-ല്‍ സ്ഥാപിതമായ സ്‌കോട്ട്‌ലന്‍ഡിലെ ഹൈലാന്‍ഡ്‌സ് മേഖലയിലെ ഗ്ലെന്‍മൊറാഞ്ചി ഡിസ്റ്റിലറിയാണ് ഈ പ്രത്യേക വിസ്‌കി പുറത്തിറക്കിയത്. 'ഗ്ലെന്‍മൊറാഞ്ചി 50 ഇയേഴ്‌സ് ഓള്‍ഡ്' എന്ന പേരില്‍ പുറത്തിറക്കിയ ഈ വിസ്‌കി പ്രത്യേക സെറാമിക് പാത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വില 30,000 യൂറോ

പാക്കേജിങ്ങിന് മാത്രം ചെലവ് ദശലക്ഷം ഡോളറിലധികം!

ഏറ്റവും വിലയേറിയ വിസ്‌കികള്‍ക്കായി ഇത്തരത്തിലുള്ള പ്രത്യേക പാക്കേജിങ്ങുകള്‍ നിര്‍മ്മിക്കുന്നത് ഇപ്പോള്‍ പല ഡിസ്റ്റിലറികളുടെയും രീതിയാണ്. ഓരോ കുപ്പിയും നിര്‍മ്മിക്കാന്‍ ആയിരക്കണക്കിന് ഡോളര്‍ ചെലവ് വരുന്നത്. പരിമിതമായ എണ്ണത്തില്‍ പുറത്തിറക്കുന്ന ഒരു പതിപ്പിനായി 149-ഓ അതിലധികമോ കുപ്പികള്‍ നിര്‍മ്മിക്കുമ്പോള്‍ പാക്കേജിങ് ചെലവ് മാത്രം ലക്ഷകണക്കിന് യൂറോയാകാന്‍ സാധ്യതയുണ്ട്. വിസ്‌കിയുടെ രുചി മാത്രമാണ് പ്രധാനമെന്നും പുറംമോടിക്ക് വലിയ പ്രാധാന്യമില്ലെന്നും കരുതുന്ന ചില വിസ്‌കി പ്രേമികള്‍ക്ക് ഇത്തരം ആഡംബരങ്ങള്‍ അനാവശ്യമായി തോന്നാം.

എന്നാല്‍ ഇത്രയധികം പണം പാക്കേജിങ്ങിനായി ഡിസ്റ്റിലറികള്‍ ചെലവഴിക്കുന്നത് അതിലൂടെ ബ്രാന്‍ഡിന് നേട്ടമുണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നതിനാലാണ്. ഏകദേശം 15 വര്‍ഷമായി 50 വര്‍ഷമോ അതിലധികമോ പഴക്കമുള്ള സ്‌കോച്ച് വിസ്‌കികളുടെ വിപണി വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 50, 55, 60 വര്‍ഷം പഴക്കമുള്ള നൂറിലധികം വിസ്‌കികള്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് 'വിസ്‌കി മാര്‍ക്കറ്റ്‌പ്ലേസ്' പോലുള്ള വെബ്സൈറ്റുകളിലെ പട്ടികകള്‍ വ്യക്തമാക്കുന്നു.

ലക്ഷ്യം വലിയ ലാഭമല്ല, ബ്രാന്‍ഡിന്റെ പ്രശസ്തി

ഈ വിസ്‌കിയുടെ വില്‍പ്പനയിലൂടെ വലിയ ലാഭമുണ്ടാക്കുകയല്ല കമ്പനിയുടെ പ്രധാന ലക്ഷ്യമെന്ന് ഗ്ലെന്‍മൊറാഞ്ചി സിഇഒ കാസ്പര്‍ മക്‌റേ പറയുന്നു. ഇതിന്റെ നിര്‍മ്മാണത്തിനായി ചെലവഴിച്ച നിക്ഷേപവും സമയവും അധ്വാനവും കണക്കിലെടുക്കുമ്പോള്‍ ഈ കുപ്പി മാത്രം കമ്പനിയുടെ ലാഭത്തില്‍ വലിയ പങ്കുവഹിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പകരം, ഗ്ലെന്‍മൊറാഞ്ചി എന്ന ബ്രാന്‍ഡിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയുകയും മറ്റ് ഉല്‍പന്നങ്ങളോടുള്ള താല്‍പര്യം വര്‍ധിക്കുകയും ചെയ്യണമെന്നാണ് കമ്പനിയുടെ ലക്ഷ്യം.

വില നിശ്ചയിക്കുന്നത് പഴക്കം മാത്രമല്ല, പാക്കേജിങ്ങും!

പണ്ട് 50 വര്‍ഷം പഴക്കമുള്ള വിസ്‌കികള്‍ക്ക് ഉയര്‍ന്ന വില ലഭിച്ചിരുന്നത് അവയുടെ അപൂര്‍വത കാരണമായിരുന്നു. എന്നാല്‍ ഇത്തരം വിസ്‌കികള്‍ വിപണിയില്‍ കൂടുതലായി ലഭ്യമായതോടെ അവയെ വേറിട്ടുനിര്‍ത്താന്‍ ഡിസ്റ്റിലറികള്‍ പുതിയ വഴികള്‍ തേടിത്തുടങ്ങി. കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി പാക്കേജിങ്ങിനാണ് ഇതില്‍ പ്രധാന പരിഗണന ലഭിക്കുന്നത്. ഉദാഹരണത്തിന്, 50 വര്‍ഷം പഴക്കമുള്ള ഗ്ലെന്‍മൊറാഞ്ചി വിസ്‌കിക്ക് 30,000 യൂറോ വിലയുള്ളപ്പോള്‍ അതേ പ്രായമുള്ള ഗ്ലെന്‍ബര്‍ഗി വിസ്‌കിക്ക് 1,700 യൂറോ മാത്രമാണ് വില.

രണ്ടും ഒരേ പ്രായത്തിലുള്ളവയാണെങ്കിലും വിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇതിനുള്ള കാരണങ്ങളില്‍ ഒന്ന് ഗ്ലെന്‍മൊറാഞ്ചിയുടെ പ്രത്യേക പാക്കേജിങ് കൂടിയാണ്. വിസ്‌കി സൂക്ഷിച്ച ഓരോ സെറാമിക് പാത്രവും രൂപത്തില്‍ നേരിയ വ്യത്യാസമുള്ളതാണ്. അതായത് ഓരോന്നും ഒരു പ്രത്യേക കലാസൃഷ്ടിയാണ്. ഇത് വിസ്‌കിയെ വെറുമൊരു മദ്യക്കുപ്പി എന്നതിലുപരി ശേഖരിച്ചുവയ്ക്കാവുന്ന അപൂര്‍വ വസ്തുവാക്കി മാറ്റുന്നു.

വിസ്‌കി വിപണിയിലെ ആഡംബരപ്പോരാട്ടത്തിന് തുടക്കമിട്ടത് ആര്?

ഈ പാക്കേജിങ് മത്സരത്തിന് തുടക്കമിട്ടത് മക്കല്ലന്‍ കമ്പനി ആണെന്ന് പറയാം. 1986-ല്‍ 1926-ല്‍ നിര്‍മ്മിച്ച 60 വര്‍ഷം പഴക്കമുള്ള വിസ്‌കി 5,000 പൗണ്ട് വിലയുള്ള അത്യാഡംബര ഉല്‍പന്നമായി കമ്പനി അവതരിപ്പിച്ചു. 2000-കളുടെ തുടക്കത്തോടെയാണ് കൂടുതല്‍ സങ്കീര്‍ണവും ആഡംബരവുമായ പാക്കേജിങ്ങുകള്‍ ഈ രംഗത്ത് എത്തിത്തുടങ്ങിയത്. മറ്റ് ഡിസ്റ്റിലറികള്‍ക്കും ഇതൊരു വെല്ലുവിളിയായി. ഈ രീതിയിലേക്ക് മാറിയില്ലെങ്കില്‍ വിപണിയില്‍ പിന്നിലാകുമെന്ന ചിന്തയാണ് പലരെയും ഇത്തരം പാക്കേജിങ് പരീക്ഷണങ്ങളിലേക്ക് നയിച്ചത്.