ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് സ്കൂളുകൾ അടച്ചുപൂട്ടി പകരം സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകൾ ആരംഭിക്കണമെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടു. രാജ്യത്തിന് കൂടുതൽ സംരംഭകരെയാണ് ആവശ്യമെന്നും, എഐ കാലത്ത് തൊഴിൽ രീതികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ പരമ്പരാഗത ബിസിനസ് സ്കൂളുകൾ അടച്ചുപൂട്ടണമെന്നും പകരം കൂടുതൽ സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകൾ ആരംഭിക്കണമെന്നും സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. രാജ്യത്തിന് കൂടുതൽ മാനേജ്മെന്റ് ബിരുദധാരികളെയല്ല, പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറുള്ള സംരംഭകരെയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് പഠനം ക്ലാസ് മുറികളിൽ ഒതുങ്ങാതെ ആശയങ്ങൾ പരീക്ഷിച്ചും സംരംഭങ്ങൾ കെട്ടിപ്പടുത്തും അനുഭവങ്ങളിലൂടെ പഠിക്കുന്ന രീതിയിലേക്ക് മാറണമെന്നും വെമ്പു പറഞ്ഞു.
രണ്ട് പതിറ്റാണ്ടായി ഇതേ നിലപാട്
കേംബ്രിഡ്ജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ് സ്കൂളിലെ പ്രൊഫസർ ക്രിസ് മാർക്വിസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിനോടുള്ള പ്രതികരണമായാണ് ശ്രീധർ വെമ്പു നിലപാട് വ്യക്തമാക്കിയത്. ഞാൻ ഒരു ബിസിനസ് സ്കൂളിൽ പഠിപ്പിക്കുന്നുണ്ട്. അവ അടച്ചുപൂട്ടേണ്ട സമയമായി എന്നായിരുന്നു പ്രൊഫസറുടെ കുറിപ്പ്. ഇതിനോട് പൂർണമായും യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ വെമ്പു കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി താൻ ഇതേ അഭിപ്രായം പങ്കുവെക്കുന്നുണ്ടെന്നും പറഞ്ഞു.
ഇന്ത്യയിലെ ബിസിനസ് സ്കൂളുകൾ അടച്ചുപൂട്ടി പകരം സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകൾക്ക് പ്രാധാന്യം നൽകണം. വലിയ തോതിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും വ്യത്യസ്തമായ ആശയങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് വളരണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ
ശ്രീധർ വെമ്പുവിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇന്ത്യയിൽ എംബിഎ ബിരുദധാരികൾക്ക് കുറവില്ലെന്നും എന്നാൽ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറാകുന്നവരുടെ എണ്ണം കുറവാണെന്നുമാണ് ചിലരുടെ അഭിപ്രായം. രാജ്യത്തെ പകുതിയോളം ബിസിനസ് സ്കൂളുകൾക്ക് പകരം സ്റ്റാർട്ടപ്പ് ഇൻക്യുബേറ്ററുകൾ ആരംഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ നിർദേശം. സംരംഭം ആരംഭിക്കുക, പരാജയങ്ങളിൽ നിന്ന് പഠിക്കുക, വീണ്ടും ശ്രമിക്കുക തുടങ്ങിയ അനുഭവങ്ങളിലൂടെ യുവാക്കൾക്ക് ബിസിനസ് പഠിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ബിസിനസ് സ്കൂളുകൾ അടച്ചുപൂട്ടണമെന്ന വാദത്തോട് എല്ലാവരും യോജിച്ചില്ല. നിലവിലുള്ള സ്ഥാപനങ്ങളിൽ തന്നെ സംരംഭകത്വത്തിനും സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പ്രത്യേക പഠനവിഭാഗങ്ങൾ ആരംഭിക്കാമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. ഇന്ത്യയിലെ പല എംബിഎ കോഴ്സുകളും വിൽപ്പന, റിക്രൂട്ട്മെന്റ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും ഒരു ഉപയോക്താവ് വിമർശിച്ചു. ഒരു ബിസിനസ് എങ്ങനെ ആരംഭിക്കണം, വിജയകരമായി മുന്നോട്ടുകൊണ്ടുപോകണം എന്നതിലാണ് കൂടുതൽ പരിശീലനം നൽകേണ്ടതെന്നും അഭിപ്രായമുയർന്നു.
ഇന്ത്യയിൽ 2.5 ലക്ഷം സ്റ്റാർട്ടപ്പുകൾ
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയും വെമ്പുവിന്റെ വാദത്തിന് പ്രസക്തി നൽകുന്നതാണ്. വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2.5 ലക്ഷം കടന്നു. 770ലധികം ജില്ലകളിലായി പ്രവർത്തിക്കുന്ന ഈ സംരംഭങ്ങൾ 25.42 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 52 ശതമാനം സ്റ്റാർട്ടപ്പുകളും മെട്രോ നഗരങ്ങൾക്ക് പുറത്താണ് പ്രവർത്തിക്കുന്നത്. ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും സംരംഭകത്വം വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് പദ്ധതിയിലൂടെ 4,100ലധികം സംരംഭങ്ങൾക്ക് 775 കോടി രൂപയിലധികം ധനസഹായം അനുവദിച്ചിട്ടുണ്ട്. 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 244 ഇൻക്യുബേറ്ററുകൾ വഴിയാണ് സഹായം ലഭ്യമാക്കുന്നത്. ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് പദ്ധതിയിലൂടെ ഏകദേശം 1,500 കമ്പനികളിലേക്ക് 28,000 കോടി രൂപയിലധികം നിക്ഷേപവും എത്തിച്ചിട്ടുണ്ട്.
എഐ കാലത്ത് മാറേണ്ടത് തൊഴിൽ രീതികൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച തൊഴിൽ മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും വെമ്പു നേരത്തെ ആശങ്കകളും നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരാൾക്ക് മുമ്പ് 10 പേർ ചേർന്ന് ചെയ്തിരുന്ന ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായേക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ കമ്പ്യൂട്ടർ അധിഷ്ഠിത ജോലികൾ ചെയ്യുന്നവരിൽ ഭൂരിഭാഗത്തിനും തൊഴിൽ നഷ്ടമാകുമെന്നല്ല ഇതിന്റെ അർഥമെന്നും അദ്ദേഹം വ്യക്തമാക്കി. പകരം കമ്പനികളിലും വ്യവസായങ്ങളിലും തൊഴിൽ വിഭജനവും പ്രവർത്തനരീതികളും മാറും.
നേരത്തെ സോഫ്റ്റ്വെയർ എൻജിനീയർമാരെയോ ഡിജിറ്റൽ മാർക്കറ്റിങ് വിദഗ്ധരെയോ നിയമിക്കാൻ കഴിയാതിരുന്ന ചെറുകിട കമ്പനികൾക്ക് പോലും പുതിയ സാഹചര്യത്തിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. എഐയുമായി ഫലപ്രദമായി പ്രവർത്തിക്കാൻ ലക്ഷ്യങ്ങൾ വ്യക്തമായി വിശദീകരിക്കുക, സങ്കീർണമായ ജോലികളെ ചെറിയ ഘട്ടങ്ങളായി വിഭജിക്കുക, സാങ്കേതികവിദ്യ വരുത്തുന്ന പിഴവുകൾ തിരിച്ചറിയുക തുടങ്ങിയ കഴിവുകൾ ആവശ്യമാണ്. സിസ്റ്റം ആർക്കിടെക്റ്റുകൾക്കും പ്രധാനമായ ഇത്തരം കഴിവുകളെ 'മെറ്റാ ലെവൽ സ്കിൽസ്' എന്നാണ് ശ്രീധർ വെമ്പു വിശേഷിപ്പിച്ചത്.






