കൊവിഡ് 19: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൗരന്മാര്‍ക്ക് ഒരു ലക്ഷം യെന്‍ നല്‍കുമെന്ന് ജപ്പാന്‍

By Web TeamFirst Published Apr 17, 2020, 11:52 PM IST
Highlights

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൗരന്മാര്‍ക്ക് ഒരു ലക്ഷം യെന്‍(71,000 രൂപ) നല്‍കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പ്രഖ്യാപനം.
 

ടോക്യോ: കൊവിഡ് 19നെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൗരന്മാര്‍ക്ക് ഒരു ലക്ഷം യെന്‍(71,000 രൂപ) നല്‍കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പ്രഖ്യാപനം. സാമ്പത്തിക സഹായം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ജപ്പാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. 

കൊവിഡ് പശ്ചാത്തലത്തില്‍ ജപ്പാനില്‍ ഏഴ് മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് ആറിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി അടിയന്തരാവസ്ഥയില്‍ മാറ്റം വേണോ എന്ന് തീരുമാനിക്കും. നേരത്തെ കൊവിഡ് കാരണം വരുമാനം നിലച്ച കുടുംബങ്ങള്‍ക്ക് നഷ്ടമായതിന്റെ മൂന്നിരട്ടി നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, പിന്നീട് എല്ലാവര്‍ക്കും പണം നല്‍കാന്‍ തീരുമാനിച്ചു. രാജ്യത്തെ 70 ശതമാനം സമ്പര്‍ക്ക വിലക്ക് ഇപ്പോഴും പ്രാവര്‍ത്തികമായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്ക, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വിപണിയെ താങ്ങി നിര്‍ത്തുന്നതിനായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയാണ്. എന്നാല്‍, ഇത്രയും വലിയ തുക നേരിട്ട് പൗരന്മാര്‍ക്ക് നല്‍കുന്ന ആദ്യ രാജ്യമാണ് ജപ്പാന്‍.
 

click me!