
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി ഒറാക്കിളിന്റെ സ്ഥാപകനായ ലാറി എല്ലിസൺ. എല്ലിസണിന്റെ ആസ്തി 26 ബില്യൺ ഡോളർ വർദ്ധിച്ച് 243 ബില്യൺ ഡോളറായി. ശതകോടീശ്വരന്മാരിൽ ഏറ്റവും വലിയ ഒറ്റദിന നേട്ടമായി ഇത് മാറി. ഇതോടെ 228 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ബെസോസിനെയും 239 ബില്യൺ ഡോളർ ആസ്തിയുള്ള മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെയും മറികടക്കാൻ ലാറി എല്ലിസണിന് കഴിഞ്ഞു. ടെസ്‌ല സിഇഒ എലോൺ മസ്‌കിന് തൊട്ടുപിന്നിലാണ് ഇപ്പോൾ ലാറി എല്ലിസണിൻ്റെ സ്ഥാനം. 407 ബില്യൺ ഡോളറാണ് ലോൺ മസ്‌കിൻ്റെ ആസ്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള വിവാദ ട്വീറ്റുകളിൽ പരസ്യമായി ക്ഷമാപണം നടത്തിയതിനെത്തുടർന്ന് ഇലോൺ മസ്കിൻ്റഎ ആസ്തി ഉയർന്നിട്ടുണ്ട്.
മാർക്ക് സക്കർബർഗിന്റെ ആസ്തിയിൽ അടുത്തിടെയുണ്ടായ ഇടിവുണ്ടായിട്ടും മൂന്നാം സ്ഥാനത്താണ് അദ്ദേഹം. അതേസമയം, ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസിൻ്റെ ആസ്തി 226.8 ബില്യൺ ഡോളറായി ഇടിഞ്ഞതോടെ നാലാം സ്ഥാനത്താണ് അദ്ദേഹം. അതേസമയം, വാറൻ ബഫെറ്റ് 152.1 ബില്യൺ ഡോളറുമായി അഞ്ചാം സ്ഥാനത്താണ്, ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരന്മാരിൽ ഒരാളാണ് വാറൻ ബഫെറ്റ്.
യഥാക്രമം ആറ്, എട്ട് സ്ഥാനങ്ങളിൽ ഗൂഗിളിന്റെ ലാറി പേജ്, സെർജി ബ്രിൻ തുടങ്ങിയ സാങ്കേതിക ഭീമന്മാരാണ്. ആദ്യ പത്തിൽ ഇടം നേടിയ, അമേരിക്കക്കാരനല്ലാത്ത ഏക ഫ്രഞ്ച് ഫാഷൻ വ്യവസായി ബെർണാഡ് അർനോൾട്ട് ആണ്. 141.5 ബില്യൺ ഡോളറുമായി ഏഴാം സ്ഥാനത്താണ് അദ്ദേഹം. മൈക്രോസോഫ്റ്റിന്റെ സ്റ്റീവ് ബാൽമറും എൻവിഡിയയുടെ സിഇഒ ജെൻസൺ ഹുവാങ്ങും ആദ്യ പത്തിൽ ഇടം നേടി.