വിപണി അറിഞ്ഞ് കളിച്ച് മുകേഷ് അംബാനി; മാർച്ചിൽ ജിയോയുടെ നേട്ടം ചെറുതല്ല

Published : May 10, 2025, 04:38 PM IST
വിപണി അറിഞ്ഞ് കളിച്ച് മുകേഷ് അംബാനി; മാർച്ചിൽ ജിയോയുടെ നേട്ടം ചെറുതല്ല

Synopsis

റിലയൻസ് ജിയോ തുടർച്ചയായ രണ്ടാം മാസവും പ്രതിമാസ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ദില്ലി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2025 മാർച്ച് മാസത്തെ ടെലികോം ഓപ്പറേറ്റർമാരുടെ പ്രതിമാസ പ്രകടനത്തിന്റെ ഡാറ്റ പുറത്തുവിട്ടു. ഈ കണക്ക് അനുസരിച്ച് 2025 മാർച്ചിൽ ഏറ്റവും കൂടുതൽ പുതിയ ഉപഭോക്താക്കളെ ചേർത്ത കമ്പനിയാണ് റിലയൻസ് ജിയോ. മാർച്ചിൽ 2.17 ദശലക്ഷം പുതിയ ഉപയോക്താക്കളെ രജിസ്റ്റർ ചെയ്തുകൊണ്ട് റിലയൻസ് ജിയോ തുടർച്ചയായ രണ്ടാം മാസവും പ്രതിമാസ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.  2025 മാർച്ചിൽ എയർടെൽ 1.25 ദശലക്ഷം ഉപയോക്താക്കളെ ചേർത്തു. ബിഎസ്എൻഎല്ലിന് 0.049 ദശലക്ഷം വരിക്കാരെ ചേർക്കാൻ കഴിഞ്ഞു. ജിയോ മൊത്തം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമല്ല വയർലെസ് സേവനത്തിലും വയർഡ് ഇന്റർനെറ്റ് കണക്ഷനുകളിലും 5G എയർഫൈബർ സേവനത്തിലും മുന്നിലാണ് എന്നാണ് റിപ്പോർട്ടുകൾ.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അവരുടെ വെബ്‌സൈറ്റിൽ ഈ ഡാറ്റ പങ്കിട്ടു. ഇതിനുസരിച്ച് ഫെബ്രുവരിയിൽ 20,720 വരിക്കാരെ നഷ്ടപ്പെട്ട വോഡഫോൺ ഐഡിയയുടെ മൊത്തം ഉപഭോക്തൃ നഷ്‍ടം മാർച്ചിൽ 541,377 ആയി ഉയർന്നു. എങ്കിലും ഈ വർഷം ജനുവരിയിലെ വരിക്കാരുടെ നഷ്ടത്തേക്കാൾ (1.34 ദശലക്ഷം) കുറവാണിത്. ഫെബ്രുവരിയിൽ 566,069 വരിക്കാരെ നഷ്‍ടപ്പെട്ട ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) മാർച്ചിൽ 49,177 വരിക്കാരെ നേടി.

മാർച്ച് 31 ലെ കണക്കനുസരിച്ച് ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 469.76 ദശലക്ഷം ആണ്. എയർടെല്ലിന് 389.8 ദശലക്ഷവും വോഡഫോൺ ഐഡിയയ്ക്ക് 205.36 ദശലക്ഷവും ബിഎസ്എൻഎല്ലിന് 91.06 ദശലക്ഷവും വരിക്കാരുണ്ട്. മാർച്ചിൽ മൊബൈൽ വരിക്കാരുടെ എണ്ണം 3.21 ദശലക്ഷം വർദ്ധിച്ച് 1.163 ബില്യണിലെത്തി. ഗ്രാമീണ വിപണികളാണ് വളർച്ചയ്ക്ക് നേതൃത്വം നൽകിയത്.  ഗ്രാമീണ വിപണിയിൽ 4.86 ദശലക്ഷം വരിക്കാരുടെ കൂട്ടിച്ചേർക്കൽ ഉണ്ടായപ്പോൾ നഗര വരിക്കാരുടെ എണ്ണം 1.64 ദശലക്ഷം കുറഞ്ഞു.

ഫെബ്രുവരിയിലെ 40.52 ശതമാനത്തിൽ നിന്ന് മാർച്ചിൽ ജിയോയുടെ വിപണി വിഹിതം നേരിയ തോതിൽ ഉയർന്ന് 40.60 ശതമാനമായി. എയർടെല്ലിന്റെ വിഹിതം 33.69 ശതമാനമായി ഉയർന്നു. പ്രതിമാസ ഉപഭോക്തൃ പ്രതിസന്ധിയിൽ മാന്ദ്യമുണ്ടായിട്ടും, വോഡഫോൺ ഐഡിയ വിഹിതം 17.75 ശതമാനമായി തുടർന്നു. ബിഎസ്എൻഎല്ലിന്റെ വിഹിതം നേരിയ തോതിൽ കുറഞ്ഞ് 7.87 ശതമാനമായി.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ