റബ്ബർ തറവില കൂട്ടി, നെല്ല്, നാളികേരം എന്നിവയുടെ സംഭരണവില കൂട്ടി, പുതിയ വില ഇങ്ങനെ

By Web TeamFirst Published Jan 15, 2021, 10:14 AM IST
Highlights

കാർഷികനിയമഭേദഗതികൾക്കെതിരെ രൂക്ഷവിമർശനമാണ് ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക് ഉന്നയിച്ചത്. കർഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരിനിയമങ്ങളാണ് പുതിയ കാർഷികനിയമഭേദഗതികളെന്ന് തോമസ് ഐസക് പറഞ്ഞു.

തിരുവനന്തപുരം: റബ്ബറിന്‍റെ തറവില കൂട്ടിയതായി ധനമന്ത്രി തോമസ് ഐസക്. നെല്ലിന്‍റെയും നാളികേരത്തിന്‍റെയും സംഭരണവിലയും കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ഏപ്രിൽ 1 മുതൽ നിലവിൽ വരും. 

റബ്ബറിന്‍റെ താങ്ങുവില 170 രൂപയായി ഉയർത്തുന്നുവെന്നാണ് തോമസ് ഐസക് പ്രഖ്യാപിച്ചത്. നെല്ലിന്‍റെ സംഭരണവില 28 രൂപയായി ഉയർത്തി. നാളികേരത്തിന്‍റെ സംഭരണവില 27 രൂപയിൽ നിന്ന് 32 രൂപയായി ഉയ‍ർത്തി. 

കാർഷികനിയമഭേദഗതികൾക്കെതിരെ രൂക്ഷവിമർശനമാണ് ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക് ഉന്നയിച്ചത്. കർഷകരുടെ വരുമാനം ഇല്ലാതാക്കുന്ന കരിനിയമങ്ങളാണ് പുതിയ കാർഷികനിയമഭേദഗതികളെന്ന് തോമസ് ഐസക് പറഞ്ഞു. കൊവിഡ് പ്രതിസന്ധി നിയോലിബറൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ഉള്ള സമയമായാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. ദുർബലമായ ഉത്തേജകപാക്കേജ് മാത്രമാണ് കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് പ്രഖ്യാപിച്ചത്. 

കർഷകർ നടത്തുന്ന ദില്ലി ചലോ സമരം ഒരു ഐതിഹാസിക മുന്നേറ്റമാണ്. പാർലമെന്‍റിൽ ഭൂരിപക്ഷമുണ്ടെന്ന് കരുതി തങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്ന് കരുതുന്ന കേന്ദ്രസർക്കാരിന് കൃഷിക്കാരുടെ മുന്നിൽ മുട്ടുമടക്കേണ്ടി വരും. ഇറക്കുമതിയും കൊവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് നാളികേരത്തിന്‍റെയും മറ്റ് വാണിജ്യവിളകളുടെയും താങ്ങുവില കൂട്ടാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. 

click me!