
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയസഭയിലെത്തി. ഇന്ന് രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടക്കം ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാരിൻ്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങൾക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ നീതിയും പ്രായോഗിക സാമ്പത്തിക നയങ്ങളും സമന്വയിപ്പിച്ച് വോട്ടർമാരുടെ വിശ്വാസം നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അതേസമയം ജനപ്രിയ പ്രഖ്യാപനങ്ങളായിപിക്കില്ല പകരം പ്രാക്ടിക്കലായിട്ടുള്ള ബജറ്റായിരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയട്ടുണ്ട്. ചെയ്യാൻ പറ്റാത്ത കാര്യങ്ങള്‍ പറയുന്ന ബജറ്റായിരിക്കില്ലെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും. സാധാരണക്കാരുടെ പ്രശ്നങ്ങളടക്കം കണക്കിലെടുക്കണം. കൂടുതൽ തൊഴിലവസരം ഉണ്ടാകണം.സംസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതിനുള്ള കാര്യങ്ങള്‍ ബജറ്റിലുണ്ടാകണം. വിദേശത്തേക്ക് ആളുകള്‍ പോകുമ്പോള്‍ നമ്മുടെ നാടിന്‍റെ സമ്പദ് വ്യവസ്ഥ കൂടി മെച്ചപ്പെടണം. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള പ്രയോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.