
ആര്‍ബിഐ, നബാര്‍ഡ്, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇവരുടെ ശമ്പളത്തിലും പെന്‍ഷനിലും ഗണ്യമായ വര്‍ദ്ധനവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് , നബാര്‍ഡ് , പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കരണം നടപ്പിലാക്കുന്നത്.
1. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍
ഇന്‍ഷുറന്‍സ് മേഖലയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ തീരുമാനം വലിയ നേട്ടമാകും. നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ജിഐസി , അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ശമ്പള വര്‍ധന: അടിസ്ഥാന ശമ്പളത്തിലും ക്ഷാമബത്തയിലും 14% വര്‍ദ്ധനലഭിക്കും. മൊത്തത്തിലുള്ള ശമ്പള ചെലവില്‍ 12.41% വര്‍ദ്ധനവാണ് ഇതിലൂടെ ഉണ്ടാകുക.
ആനുകൂല്യം എന്ന് മുതല്‍?: 2022 ഓഗസ്റ്റ് 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ഈ വര്‍ദ്ധനവ് നടപ്പിലാക്കുന്നത്.
എന്‍പിഎസ് : 2010 ഏപ്രില്‍ 1-ന് ശേഷം ജോലിയില്‍ പ്രവേശിച്ചവരുടെ എന്‍പിഎസ് വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തി.
കുടുംബ പെന്‍ഷന്‍: കുടുംബ പെന്‍ഷന്‍ ഏകീകൃത നിരക്കായ 30 ശതമാനമായി പരിഷ്‌കരിച്ചു. ഇതിലൂടെ ഏകദേശം 14,615 കുടുംബങ്ങള്‍ക്ക് നേട്ടം ലഭിക്കും
2. നബാര്‍ഡ്
നബാര്‍ഡിലെ ഗ്രൂപ്പ് എ, ബി, സി ജീവനക്കാര്‍ക്ക് വലിയ ശമ്പള വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശമ്പള വര്‍ദ്ധനവ്: ശമ്പളത്തിലും അലവന്‍സുകളിലും ഏകദേശം 20% വര്‍ദ്ധനവ് ഉണ്ടാകും.
ആനുകൂല്യം എന്ന് മുതല്‍?: 2022 നവംബര്‍ 1 മുതലുള്ള മുന്‍കാല പ്രാബല്യം ഇതിനുണ്ടാകും.
പെന്‍ഷന്‍ പരിഷ്‌കരണം: 2017 നവംബര്‍ 1-ന് മുമ്പ് വിരമിച്ച നബാര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ ആര്‍ബിഐയില്‍ നിന്ന് വിരമിച്ചവര്‍ക്ക് തുല്യമായ രീതിയില്‍ പരിഷ്‌കരിച്ചു.
3. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ആര്‍ബിഐയില്‍ നിന്ന് വിരമിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു.
പെന്‍ഷന്‍ വര്‍ദ്ധനവ്: അടിസ്ഥാന പെന്‍ഷനും ഡിഎയും ചേര്‍ന്ന തുകയില്‍ 10% വര്‍ദ്ധനവാണ് അനുവദിച്ചിരിക്കുന്നത്.
ആനുകൂല്യം എന്ന് മുതല്‍?: 2022 നവംബര്‍ 1 മുതല്‍ ഈ വര്‍ദ്ധനവ് നിലവില്‍ വരും.