വിദ്യാർത്ഥികൾ റിസ്ക് എടുക്കണം, സർക്കാർ ജോലി ചിന്താ​ഗതി മാറണം: സ്പീക്കർ എ.എൻ ഷംസീർ

Published : Jan 30, 2025, 05:26 PM IST
വിദ്യാർത്ഥികൾ റിസ്ക് എടുക്കണം, സർക്കാർ ജോലി ചിന്താ​ഗതി മാറണം: സ്പീക്കർ എ.എൻ ഷംസീർ

Synopsis

"ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണം. നമ്മുടെ കുട്ടികൾ സ്വയംപര്യാപ്തരാകണം. എട്ട് മണി മുതൽ 2 വരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ തൊഴിൽ ചെയ്യാൻ പ്രേരിപ്പിക്കണം."

വിദ്യാർത്ഥികൾ ജീവിതത്തിൽ റിസ്‌ക് എടുക്കാൻ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ ഷംസീർ.സർക്കാർ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികൾ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ ചിന്തിക്കണമെന്നും സ്പീക്കർ പറഞ്ഞു. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് ഭാവിയെക്കുറിച്ചുള്ള ചർച്ചയാണ്. കുട്ടികൾ ഭാവിയുടെ പൗരന്മാരാണ്. നിങ്ങൾ റിസ്‌ക് എടുക്കാനുള്ള ധൈര്യം കാണിക്കണം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഞങ്ങൾ റിസ്‌ക് എടുത്തു. ഞങ്ങൾ അതിൽ തന്നെ തുടർന്നു. രാഷ്ട്രീയക്കാരന്റെ ജീവിതം വളരെ റിസ്‌ക് പിടിച്ചതാണ്. ഇത് 2025 ആയി, തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. മത്സരിക്കണം, ജയിക്കണം. വലിയ റിസ്‌ക് ആണ്.' - ഷംസീർ പറഞ്ഞു.

'ഇനി സീറ്റ് കിട്ടുമോ? അഥവാ കിട്ടിയാൽ ജയിക്കുമോ? എന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയക്കാരുടെ ചിന്ത. കേരളത്തിൽ രാഷ്ട്രീയ കോട്ടകളില്ല. അതുകൊണ്ടാണ് റിസ്‌ക് എന്ന് പറഞ്ഞത്. കേരളത്തിലെ ശരാശരി വിദ്യാർത്ഥികളുടെ ലക്ഷ്യം സർക്കാർ ജോലിയാണ്. ഈ ചിന്താഗതി മാറണം. താൻ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ്. നിങ്ങൾ കമ്പനി തുടങ്ങണം, ബിസിനസ് തുടങ്ങണം. റിസ്‌ക് എടുത്തവർ മാത്രമെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ എന്ന് നിങ്ങൾ മനസിലാക്കണം.'-വിദ്യാർത്ഥികളോട് സ്പീക്കർ പറഞ്ഞു.

വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കാൻ പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണം. നമ്മുടെ കുട്ടികൾ സ്വയംപര്യാപ്തരാകണം. എട്ട് മണി മുതൽ 2 വരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ തൊഴിൽ ചെയ്യാൻ പ്രേരിപ്പിക്കണം. നിങ്ങൾ ജോലിചെയ്തുണ്ടാക്കുന്ന പണം കൊണ്ട് വിദ്യാഭ്യാസം നേടുന്ന രീതി വരണം. ജെയിൻ യൂണിവേഴ്‌സിറ്റി ഇതിൽ മാതൃകയാകണം. അങ്ങനെയായാൽ  കാമ്പസ് കൂടുതൽ മെച്ചപ്പെടുമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ഷംസീറിന്റെ വാക്കുകൾ കയ്യടികളോടെയാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തത്.
 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ