
കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഏറ്റവും പുതിയ പണനയ പ്രഖ്യാപനം പലിശനിരക്കുകളും നയനിലപാടും ഉള്‍പ്പെടെ വിപണി പ്രതീക്ഷകള്‍ക്ക് പൂര്‍ണമായും അനുസൃതമാണെന്ന് കൊടാക് മഹീന്ദ്ര ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഉപാസ്‌ന ഭരദ്വാജ് പറഞ്ഞു.
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലേക്കുള്ള പണപ്പെരുപ്പ പ്രവചനം ആര്‍ബിഐ ചെറിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പുതിയ സാമ്പത്തിക കണക്കുകളുടെ സീരീസ് പുറത്തുവരാനിരിക്കെ വളര്‍ച്ചയും പണപ്പെരുപ്പവും സംബന്ധിച്ച കണക്കുകളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെന്നും ഉപാസ്‌ന ഭരദ്വാജ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ചരക്ക് വിലകളിലെ വര്‍ധനയും രൂപയുടെ ദുര്‍ബലതയും പണപ്പെരുപ്പത്തില്‍ മേലോട്ടുള്ള അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നും അവര്‍ വിലയിരുത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ റിപോ നിരക്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള സാധ്യത പരിമിതമാണെന്നും കൊടാക് മഹീന്ദ്ര ബാങ്ക് വ്യക്തമാക്കി.
വരുന്ന കാലയളവില്‍ ആര്‍ബിഐയുടെ പ്രധാന ശ്രദ്ധ പലിശനിരക്കുകളേക്കാള്‍ ധനകാര്യ സംവിധാനത്തിലെ ലിക്വിഡിറ്റി സ്ഥിരത ഉറപ്പാക്കുന്നതിലായിരിക്കും എന്നും പ്രസ്താവനയില്‍ പറഞ്ഞു.