മഴക്കെടുതി: കെഎസ്ഇബിക്ക് 15.74 കോടിയുടെ നഷ്ടം, 5.2 ലക്ഷം കണക്ഷനുകൾ റദ്ദായി

By Web TeamFirst Published Oct 18, 2021, 6:30 PM IST
Highlights

5,20,000 കണക്ഷനുകളാണ് റദ്ദായത്. ഇതിൽ നാൽപ്പത്തി അയ്യായിരം കണക്ഷനുകൾ ഇനിയും പുനസ്ഥാപിക്കാനുണ്ടെന്നും അവ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയർമാൻ അറിയിച്ചു. 

തിരുവനന്തപുരം:  സംസ്ഥാനത്ത്  മഴക്കെടുതിയിൽ കെഎസ്ഇബിക്ക് (KSEB) 15.74 കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. 5,20,000 കണക്ഷനുകളാണ് റദ്ദായത്. ഇതിൽ നാൽപ്പത്തി അയ്യായിരം കണക്ഷനുകൾ ഇനിയും പുനസ്ഥാപിക്കാനുണ്ടെന്നും അവ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയർമാൻ അറിയിച്ചു. 

കെഎസ് ഇ ബിയുടെ നിയന്ത്രണത്തിലുളള ജല സംഭരണികളിൽ 90 ശതമാനം നിറഞ്ഞതെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി അണക്കെട്ടും ഇടമലയാർ അണക്കെട്ടും നാളെ തുറക്കും. പമ്പയുടെ കാര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. റിസർവോയറുകളുടെ ഒന്നോ രണ്ടോ ഷട്ടറുകൾ ഏതാനും സെ.മീ. മാത്രമാണ് തുറക്കുന്നത്. 2018 നെ അപേക്ഷിച്ച് പത്തിലൊന്ന് കുറവ് മാത്രമാണ് വെള്ളം പുറത്തുവിടുന്നതെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലെന്ന നിലക്ക് ഇടുക്കി തുറക്കുന്നത്. മറ്റന്നാൾ മുതൽ ശക്തമായ മഴക്കാണ് നിലവിലെ മുന്നറിയിപ്പ്. പക്ഷെ മഴ പ്രവചനം തെറ്റിച്ചാൽ ഡാം ഒറ്റയടിക്ക് തുറക്കേണ്ട സ്ഥിതി ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്. നാളെ രാവിലെ പതിനൊന്ന് മുതൽ രണ്ട് ഷട്ടർ 50 സെൻറിമീറ്റർ വീതം തുറക്കും. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 2395 അടിയിലെത്തിക്കാനാണ് ധാരണ... പക്ഷെ ജലത്തിൻറെ ഒഴുക്ക് അനുസരിച്ച് അളവിൽ മാറ്റം വരാം.

click me!