'ഇന്ധനം വാങ്ങാന്‍ പണമില്ല'; ഇന്ത്യയോട് 50 കോടി ഡോളര്‍ കടം ചോദിച്ച് ശ്രീലങ്ക

By Web TeamFirst Published Oct 17, 2021, 8:38 PM IST
Highlights

ശ്രീലങ്കന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകള്‍ക്ക് 3.3 ബില്ല്യണ്‍ ഡോളര്‍ കടമായി നല്‍കാനുണ്ട്.
 

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ (Financial crisis) തുടര്‍ന്ന് ഇന്ധനം (Fuel) വാങ്ങാന്‍ ശ്രീലങ്ക (Srilanka) ഇന്ത്യയോട് (India) പണം കടം ചോദിച്ചെന്ന് റിപ്പോര്‍ട്ട്. വിദേശ വിനിമയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ശ്രീലങ്ക സഹായത്തിനായി ഇന്ത്യയെ സമീപിച്ചത്. അടുത്ത ജനുവരി വരേക്കുള്ള ഇന്ധനം മാത്രമേയുള്ളൂവെന്ന് ഊര്‍ജമന്ത്രി ഉദയ ഗമ്മന്‍പില മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ശ്രീലങ്കന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതിയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകള്‍ക്ക് 3.3 ബില്ല്യണ്‍ ഡോളര്‍ കടമായി നല്‍കാനുണ്ട്.

ക്രൂഡ് ഓയില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സംസ്‌കൃത എണ്ണ സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമാണ് ശ്രീലങ്ക ഇറക്കുമതി ചെയ്യാറ്. എന്നാല്‍ കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്ക 50 കോടി ഡോളര്‍ വായ്പ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സമീപിച്ചെന്ന് സിപിസി ചെയര്‍മാന്‍ സുമിത് വിജെസിംഗെയെ ഉദ്ധരിച്ച് ന്യൂസ്ഫസ്റ്റ്.എല്‍കെ. റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ നല്‍കുന്ന പണമുപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉടന്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഊര്‍ജ സെക്രട്ടറിമാര്‍ വായ്പാ കരാറില്‍ ഒപ്പിടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലയും ശ്രീലങ്ക വര്‍ധിപ്പിച്ചിരുന്നു. ആഗോള തലത്തിലെ എണ്ണ വില വര്‍ധനവ് ഇറക്കുമതിക്ക് കൂടുതല്‍ വിദേശ നാണ്യം ചെലവാക്കാന്‍ കാരണമായിട്ടുണ്ട്. 41.5 ശതമാനമാണ് ഇറക്കുമതിക്ക് ചെലവാക്കുന്ന തുകയുടെ വര്‍ധനവ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.
 

click me!