കെഎസ്എഫ്ഇ പരിശോധന: കടുപ്പിച്ച് ധനമന്ത്രി, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത, മയപ്പെട്ട് വിജിലൻസ്

By Web TeamFirst Published Nov 29, 2020, 1:29 PM IST
Highlights

പരിശോധനത്ത് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നേക്കും എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മന്ത്രിയും സിപിഎമ്മും നിലപാട് കടുപ്പിച്ചതോടെ പരിശോധന മയപ്പെടുത്താനാണ് വിജിലൻസ് നീക്കം. 

തിരുവനന്തപുരം/ ആലപ്പുഴ: കെഎസ്എഫ്ഇ പരിശോധനയിൽ നിലപാട് കടുപ്പിച്ച് ധനമന്ത്രിയും സിപിഎമ്മും മുന്നോട്ട് പോകുമ്പോൾ പരിശോധനയും തുടര്‍ നടപടികളും മയപ്പെടുത്താനുള്ള നീക്കത്തിലാണ് വിജിലൻസ് . പരിശോധന നടത്താൻ അവകാശം വിജിലൻസിനുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും പരിശോധനക്കിറങ്ങിയ വിജിലൻസിന്‍റെ രീതികളിൽ കടുത്ത വിമര്‍ശനമാണ് ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ചിട്ടുള്ളത്. എതിരാളികൾക്ക് ആയുധം നൽകിയ വിജിലൻസ് പരിശോധന വിവരങ്ങൾ സര്‍ക്കാരിനെ അറിയിക്കും മുൻപ് മാധ്യമങ്ങളിൽ വാര്‍ത്ത നൽകിയതെങ്ങനെ എന്ന വിര്‍ശനമാണ് ധനമന്ത്രി ഉന്നയിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. 

തുടര്‍ന്ന് വായിക്കാം:  

ധനമന്ത്രിയും സിപിഎമ്മും നിലപാട് കടുപ്പിച്ചതോടെ നടപടികൾ വിജിലൻസ് മയപ്പെടുത്തിയെന്നാണ് വിവരം.  ത്വരിത പരിശോധന റിപ്പോർട്ടുകള്‍ സർക്കാരിന് കൈമാറുമെങ്കിലും ക്രമക്കേടുകളെ കുറിച്ചുള്ള കണ്ടെത്തലുകള്‍ പലതും ഒഴിവാക്കുമെന്നാണ് സൂചന. പരിശോധനയെ കുറിച്ചുള്ള വാർത്താക്കുറിപ്പ് ഇറക്കാനും സാധ്യതയില്ല.

തുടര്‍ന്ന് വായിക്കാം: 'വിജിലൻസ് സംരക്ഷിക്കേണ്ടത് സർക്കാർ താൽപര്യം,കെഎസ്എഫ്ഇ റെയ്ഡ് പാർട്ടി ചർച്ച ചെയ്യും': ആനത്തലവട്ടം... 
 

വെള്ളിയാഴ്ച രാവിലെ മുതലാണ് ഓപ്പറേഷൻ ബച്ചത് എന്ന പേരിൽ കെഎസ്എഫ്ഇയുടെ തെരഞ്ഞടുത്ത് 40 ശാഖകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. 35 ഇടത്തും ക്രമക്കേട് കണ്ടെത്തി. കള്ളപ്പണം വെളിപ്പിക്കാൻ ചിട്ടി മറയാക്കി എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകൾക്കെതിരെ ധനമന്ത്രി രംഗത്തെത്തിയെങ്കിലും ഇന്നലെ നിലപാടിൽ വിജിലൻസ് ഉറച്ചുനിന്നു. പക്ഷെ സിപിഎം നേതാക്കൾ കൂട്ടത്തോടെ വിമർശനവുമായെത്തിയതോടെ പിന്നോട്ട് പോകലല്ലാതെ വിജിലൻസിന് മറ്റ് വഴിയില്ലാതായി.ആഭ്യന്തരവകുപ്പിൻറെ ഉന്നതതലങ്ങളിൽ നിന്നും ഇടപെടലുണ്ടായെന്നാണ് വിവരം.

തുടര്‍ന്ന് വായിക്കാം: കെഎസ്എഫ്ഇ വിവാദം: പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെന്ന് എ വിജയരാഘവൻ

മിന്നൽ പരിശോധനകള്‍ക്കുശേഷമമുള്ള പതിവ് വാർത്താക്കുറിപ്പ് ഇതുവരെ ഇറക്കിയിട്ടില്ല. അതുണ്ടാകാനുള്ള സാധ്യത ഇനി കുറവാണ്. എസ്പിമാരുടെ കണ്ടെത്തലുകൾ ചേർത്ത് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് കൈമാറുന്ന റിപ്പോർട്ടിൽ കണ്ടെത്തലുകളിൽ വെള്ളം ചേർക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.  ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കാത്തിനാൽ പുറത്തുവന്ന വാർത്തകളെ ചോദ്യം ചെയ്ത് മിന്നൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ വെട്ടിലാക്കാനാണ് ധനവകുപ്പ് നീക്കം. 

തുടര്‍ന്ന് വായിക്കാം: 'കെഎസ്എഫ്ഇ റെയ്ഡ് വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി നൽകണം': ചെന്നിത്തല...

വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ അവധിയതിനാൽ ഐജി എച്ച്.വെങ്കിടേഷിനാണ് ഡയറക്ടറുടെ ചുമതല. ഒരു മാസമായി ശേഖരിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നായിരുന്നു വിജിലൻസ് നിലപാട്.  മിന്നൽ പരിശോധന നടത്താൻ ഡയറക്ടർക്ക് അധികാരമുണ്ട്. വിജിലൻസിൽ ഗൂഡാലോചന നടന്നുവെന്ന് സിപിഎമ്മും ധനമന്ത്രിയും സംശയിക്കുന്ന സാഹചര്യത്തിൽ വിജിലൻസ് ഡ‍യറക്ടറോട് സർക്കാർ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. വിജിലൻസ് പിന്നോട്ട് പോകുമ്പോഴും അന്വേഷണ ഏജൻസികളെ പാർട്ടി ഇടപെട്ട് വിലക്ക് എന്ന ആക്ഷേപം കൂടി സർക്കാറും സിപിഎമ്മം ഇനി നേരിടേണ്ടിവരും. 

 

 

click me!