LIC : എൽഐസി ലിസ്റ്റിംഗ്; എട്ട് ശതമാനം കിഴിവിൽ വ്യാപാരം ആരംഭിച്ചു

By Web TeamFirst Published May 17, 2022, 10:34 AM IST
Highlights

949 രൂപയ്ക്ക് അനുവദിച്ച ഓഹരി ലിസ്റ്റ് ചെയ്യുന്നത് എട്ട് ശതമാനം താഴ്ന്ന വിലയില്‍

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) ഓഹരി വിപണിയിലേക്കുള്ള കടന്നുവരവിലേക്ക് ഉറ്റുനോക്കുകയാണ് നിക്ഷേപക കണ്ണുകളെല്ലാം. ഇന്ന് രാവിലെ 10 മണിക്ക് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എൻഎസ്ഇ) ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) എൽഐസി ഷെയർ ലിസ്റ്റ് ചെയ്യുന്നത് ആരംഭിച്ചു. എന്നാൽ ഓഹരികൾ ലിസ്റ്റ് ചെയ്തത് താഴ്ന്ന വിലയ്ക്കാണ്. 949 രൂപയ്ക്ക് അനുവദിച്ച ഓഹരി ബിഎസ്ഇ ലിസ്റ്റ് ചെയ്തത് 867.20 രൂപയ്ക്കാണ്.  എൻഎസ്ഇയിൽ  872 രൂപയ്ക്കും. അതായത് ഐപിഒ ഇഷ്യു വിലയായ 949 രൂപയെ അപേക്ഷിച്ച് ഏകദേശം 8% കിഴിവ്.

ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ  പ്രാഥമിക ഓഹരി വില്പനയ്ക്ക് നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. എൽഐസിയുടെ (LIC) 3.5 ശതമാനം ഓഹരികളായിരുന്നു വിപണിയിലെത്തിയത്. ഇതിലൂടെ  21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.  ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിരുന്നു. എൽഐസിയുടെ മെഗാ ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന്  5,627 കോടി രൂപ സമാഹരിച്ചിരുന്നു. തുകയുടെ 71 ശതമാനവും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിൽ നിന്നാണ്. 

Read Also : LIC IPO: എൽഐസി ഐപിഒ അവസാനിച്ചു; സബ്സ്ക്രിപ്ഷൻ വിശദാംശങ്ങൾ അറിയാം

എൽഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ പോളിസി ഉടമകൾക്ക് 60 രൂപ കിഴിവ് എൽഐസി  വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വിൽപ്പന. മെയ് 17ന് ഓഹരികൾ ലിസ്റ്റ് ചെയ്യും എന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. വലിപ്പം കുറച്ചെങ്കിലും, എൽഐസിയുടെ ഐപിഒ ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയിരിക്കും, 2021 നവംബറിൽ പേടിഎം നടത്തിയ 18,300 കോടി രൂപയുടെ ഐപിഒയെ മറികടക്കും. 
 

click me!