
ഇന്ത്യയിൽ പ്രാദേശിക ഉൽപ്പാദനം ആരംഭിച്ച് പ്രമുഖ ടെക്ക് ഡിവൈസ് നിർമാതാക്കളായ ലോജിടെക്. ഹരിയാനയിലെ മനേസറിൽ ആഭ്യന്തര നിർമാതാക്കളുമായി സഹകരിച്ചാണ് കമ്പനി ഉൽപ്പാദനവും അസംബ്ലിങ്ങും ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് പിന്തുണ നൽകുന്നതിനൊപ്പം രാജ്യത്തെ വർധിച്ചുവരുന്ന ഡിമാൻഡ് വേഗത്തിൽ നിറവേറ്റുകയാണ് നീക്കത്തിന്റെ ലക്ഷ്യം. ഉൽപ്പന്നങ്ങളുടെ വിതരണം വേഗത്തിലാക്കാനും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും പ്രാദേശിക ഉൽപ്പാദനം സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഒക്ടോബർ 15-നാണ് ലോജിടെക് പുതിയ നീക്കം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ വെബ്ക്യാമുകൾ, പോയിന്റിങ് ഉപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ ജനപ്രിയ ഉൽപ്പന്നങ്ങൾക്കായിരിക്കും പ്രാദേശികമായി ഉൽപ്പാദനവും അസംബ്ലിങ്ങും നടത്തുക. എന്നാൽ ഇന്ത്യയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ പേരുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ നിലവിലുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ ഉൽപ്പാദന കേന്ദ്രം. വിൽപ്പന ശൃംഖലകൾക്കും വിപണന പ്രവർത്തനങ്ങൾക്കും പുറമെ ചെന്നൈയിൽ കമ്പനിക്ക് ആഗോള ശേഷി കേന്ദ്രവുമുണ്ട്. ഗവേഷണ- വികസന പ്രവർത്തനങ്ങൾക്കും ഈ കേന്ദ്രം പിന്തുണ നൽകുന്നു. പ്രാദേശിക അസംബ്ലിങ് ആരംഭിച്ചതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ ഉൽപ്പന്നങ്ങൾ എത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ഉൽപ്പാദനത്തിൽ മാറ്റങ്ങൾ വരുത്താനും വിതരണത്തിനെടുക്കുന്ന സമയം കുറയ്ക്കാനും പുതിയ സംവിധാനം സഹായിച്ചേക്കും.
രാജ്യത്ത് ഇന്റർനെറ്റ് കണക്റ്റിവിറ്റിയും പേഴ്സണൽ കമ്പ്യൂട്ടർ വിൽപ്പനയും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോജിടെക്കിന്റെ വിപുലീകരണം. 2025-ൽ ഇന്ത്യയിൽ ഏകദേശം 970 ദശലക്ഷം ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുകളും 16 ദശലക്ഷത്തോളം പേഴ്സണൽ കമ്പ്യൂട്ടർ വിൽപ്പനയും രേഖപ്പെടുത്തിയതായി കമ്പനി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സേവനങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗം ജോലി ആവശ്യങ്ങൾക്കും വ്യക്തിഗത കമ്പ്യൂട്ടിങ് ഉപകരണങ്ങൾക്കുമുള്ള വിപണി വികസിപ്പിക്കുമെന്നാണ് ലോജിടെക്കിന്റെ പ്രതീക്ഷ. ഇതിലൂടെ ഇന്ത്യയിലെ ബിസിനസ് കൂടുതൽ വിപുലീകരിക്കാനാകുമെന്നും കമ്പനി കണക്കുകൂട്ടുന്നു.
വിപണിയോട് അടുത്ത് ഉൽപ്പാദനം നടത്തുന്നത് വിതരണ ശൃംഖലയിലെ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ലോജിടെക് വ്യക്തമാക്കി. ചരക്കുനീക്കത്തിനുള്ള ദൂരം കുറയുന്നതിലൂടെ ഗതാഗതവുമായി ബന്ധപ്പെട്ട കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ആഭ്യന്തര ലോജിസ്റ്റിക്സ് കൂടുതൽ കാര്യക്ഷമമാക്കാനും സാധിച്ചേക്കും. ഗുണനിലവാര എൻജിനീയറിങ്, പ്ലാന്റ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, വിതരണക്കാരുമായുള്ള ഏകോപനം തുടങ്ങിയ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യത്തിനുള്ള ആവശ്യം വർധിപ്പിക്കാനും പുതിയ സംരംഭത്തിന് കഴിയും. ഇതുവഴി ഇന്ത്യയിലെ പ്രാദേശിക വ്യവസായ മേഖലയ്ക്കും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.