പിഎം ഉജ്ജ്വല യോജനക്കും ബാധകം; ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ

Published : Apr 07, 2025, 04:57 PM ISTUpdated : Apr 07, 2025, 06:00 PM IST
പിഎം ഉജ്ജ്വല യോജനക്കും ബാധകം; ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ

Synopsis

ഗാർ‍ഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതകം സിലിണ്ടർ വില 50 രൂപ കൂട്ടി

ദില്ലി: ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ വാതക വില ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് എൽപിജി സിലിണ്ടറിന് 50 രൂപ സർക്കാർ കുത്തനെ ഉയർത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതി ചെലവ് 14 ശതമാനം  ഇക്കൊല്ലം കൂടിയെന്നാണ്  സർക്കാരിൻറെ വാദം. എണ്ണ കമ്പനികൾക്ക് ഇതു വഴി ഉണ്ടായ നഷ്ടം നികത്താനുള്ള ഒരു വഴിയെന്നാണ്  50 രൂപ കൂട്ടിയതിനെ സർക്കാർ ന്യായീകരിക്കുന്നത്. ഉജ്ജ്വല സ്കീമിലുള്ള 10 കോടി കുടുംബങ്ങൾക്ക്  നിലവിലെ 500 രൂപയ്ക്കു പകരം ഇനി 550 രൂപ സിലിണ്ടറിന് നല്കണം.

പെട്രോൾ ഡീസൽ എക്സൈസ് തീരുവ ഉയർത്തിയതിനും എണ്ണ കമ്പനികളുടെ നഷ്ടമാണ് കാരണമായി പറയുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് നാലു കൊല്ലം മുമ്പുള്ള നിരക്കിലേക്ക് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിൽ ബാരലിന് 10 ഡോളർ കുറഞ്ഞു. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും നൽകുന്നതിന് പകരം കൂടുതൽ നികുതി പിഴിയാനാണ് കേന്ദ്ര തീരുമാനം. ഇതുവഴി സമാഹരിക്കുന്ന തുക എണ്ണകമ്പനികളുടെ നഷ്ടം നികത്താൻ കൈമാറുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അവകാശപ്പെട്ടു.

എന്നാൽ 2024 ഡിസംബറിനെക്കാൾ കുറവാണ് അന്താരാഷ്ട്ര വിപണയിൽ നിലവിലെ വാതക വിലയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞതിൻറെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ അവരെ ശിക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പെട്രോൾ ഡീസൽ വില കുറച്ച സർക്കാർ ഇപ്പോൾ നികുതി വർദ്ധിപ്പിച്ച് വളഞ്ഞ വഴിയിലൂടെ ആ ആനുകൂല്യം ഇല്ലാതാക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും