ആഗോള വിപണികളുടെ തകര്‍ച്ചയ്ക്കും പണപ്പെരുപ്പം കുതിച്ചുയരാനും കാരണമാകും. ഇന്ത്യയുള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളെയാകും യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുക

യുഎസും ഇറാനും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ലോക സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. ഇത് ആഗോള വിപണികളുടെ തകര്‍ച്ചയ്ക്കും പണപ്പെരുപ്പം കുതിച്ചുയരാനും കാരണമാകും. ഇന്ത്യയുള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങളെയാകും യുദ്ധം ഏറ്റവും കൂടുതല്‍ ബാധിക്കുക. ഷിപ്പിങ് നിരക്കില്‍ 50 ശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എണ്ണവില 150 ഡോളറിലേക്ക്

യുദ്ധം ആരംഭിച്ചാല്‍ ഇന്ധന വിപണിയില്‍ വലിയ പരിഭ്രാന്തിയുണ്ടാകും. എണ്ണ ഉല്‍പാദന കേന്ദ്രങ്ങളെ യുദ്ധം ബാധിച്ചാല്‍ നിലവിലെ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് ക്രൂഡ് ഓയില്‍ വില കുതിക്കും. ബ്രെന്റ് ക്രൂഡ് വില ബാരലിന് 150 ഡോളര്‍ കടക്കാനാണ് സാധ്യത. ഇത് ഗതാഗത, ഉല്‍പാദന മേഖലകളെ തളര്‍ത്തുകയും ലോകമെമ്പാടും ഇന്ധനവില വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കാം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഹോര്‍മുസ് അടയ്ക്കുന്നതോടെ ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള എണ്ണ നീക്കം പൂര്‍ണമായും തടസ്സപ്പെടുകയും ലോകം വലിയ ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്യും.

പണപ്പെരുപ്പം കൂടും

ലോകമെമ്പാടും പണപ്പെരുപ്പം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പുതിയ യുദ്ധഭീതി ഉയരുന്നത്. ഇന്ധനവില കൂടുന്നത് ചരക്കുനീക്കത്തെയും ഭക്ഷണസാധനങ്ങളുടെയും സേവനങ്ങളുടെയും വിലയെയും നേരിട്ട് ബാധിക്കും. ജനങ്ങളുടെ നിത്യജീവിത ചെലവ് വര്‍ധിക്കുന്നതോടെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ പ്രയാസപ്പെടും.

ഓഹരി വിപണിയില്‍ തകര്‍ച്ച

അനിശ്ചിതാവസ്ഥ തുടരുന്നത് ലോകത്തെ പ്രമുഖ ഓഹരി വിപണികളില്‍ വലിയ തകര്‍ച്ചയുണ്ടാക്കും. ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ വിപണികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടേക്കാം. വിമാനയാനം, ടൂറിസം മേഖലകളെയാകും ഇത് സാരമായി ബാധിക്കുക. അതേസമയം പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്.

സുരക്ഷിത നിക്ഷേപമായി സ്വര്‍ണം

യുദ്ധസാഹചര്യത്തില്‍ നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് മാറി സ്വര്‍ണം, യുഎസ് ഡോളര്‍ എന്നിവയിലേക്ക് മാറും. ഇതോടെ സ്വര്‍ണവില പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചേക്കാം. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഇറക്കുമതി ചെലവ് കൂടുന്നതും കടബാധ്യത വര്‍ധിക്കുന്നതും സമ്പദ്വ്യവസ്ഥയെ തളര്‍ത്തും.

കപ്പല്‍ ചരക്ക് കൂലി ഉയരും

സമുദ്രപാതകള്‍ അപകടത്തിലാകുന്നതോടെ ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂടും. പേര്‍ഷ്യന്‍ ഗള്‍ഫ് ഒഴിവാക്കി കപ്പലുകള്‍ തിരിച്ചുവിടുന്നത് ചരക്കുനീക്കത്തിന് ആഴ്ചകളുടെ താമസം വരുത്തും. കപ്പല്‍ കൂലിയില്‍ 50 ശതമാനത്തോളം വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയെയും ചൈനയെയും ബാധിക്കും

ഇറാനില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. വിതരണത്തില്‍ തടസ്സമുണ്ടായാല്‍ കൂടുതല്‍ വില നല്‍കി മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങേണ്ടി വരുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ധിപ്പിക്കും.

സാമ്പത്തിക വളര്‍ച്ച മുരടിക്കും

യുദ്ധമുണ്ടായാല്‍ ആഗോള വളര്‍ച്ചാ നിരക്ക് ഐഎംഎഫും ലോകബാങ്കും വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ഇന്ധനവിലയും തടസ്സപ്പെട്ട വിതരണ ശൃംഖലയും പല രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടും. വികസ്വര രാജ്യങ്ങളെയാകും ഈ സാഹചര്യം ഏറ്റവും കൂടുതല്‍ ബാധിക്കുക.

പലിശ നിരക്ക് കുറയില്ല

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ യുദ്ധം കാരണം പണപ്പെരുപ്പം കൂടിയാല്‍ പലിശ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരും. ഇത് വായ്പാ തിരിച്ചടവുകളെയും ബിസിനസ് വിപുലീകരണത്തെയും ബാധിക്കും.

വിതരണ ശൃംഖല താളംതെറ്റും എണ്ണയ്ക്ക് പുറമെ പെട്രോകെമിക്കല്‍സ്, വളം എന്നിവയുടെ ഉല്‍പാദനത്തെയും യുദ്ധം ബാധിക്കും. പ്ലാസ്റ്റിക് നിര്‍മാണം മുതല്‍ കൃഷി വരെയുള്ള മേഖലകളില്‍ ക്ഷാമം അനുഭവപ്പെടും. ഇത് ഉല്‍പാദനം വൈകാനും ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കാനും കാരണമാകും.