ഇന്നൊരു 500, നാളെ ഒരു 500... ഈ രീതിയില്‍ പോകുന്ന കുഞ്ഞു ചിലവുകള്‍ നമ്മുടെ സമ്പാദ്യത്തെ എങ്ങനെ തകര്‍ക്കുന്നു എന്ന് നോക്കാം.
ഒരു മാസം 15,000 രൂപയുടെ ഒരു നിക്ഷേപം തുടങ്ങാന്‍ ആരെങ്കിലും ് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും? തീര്‍ച്ചയായും ഒന്ന് ആലോചിക്കും, ബജറ്റ് പരിശോധിക്കും, അത്യാവശ്യമാണോ എന്ന് ചിന്തിക്കും. എന്നാല്‍, ദിവസവും നമ്മള്‍ ചിലവാക്കുന്ന 500 രൂപയെക്കുറിച്ച് നമ്മള്‍ ഇത്തരത്തില്‍ ചിന്തിക്കാറുണ്ടോ? ഇന്നൊരു 500, നാളെ ഒരു 500... ഈ രീതിയില്‍ പോകുന്ന കുഞ്ഞു ചിലവുകള്‍ നമ്മുടെ സമ്പാദ്യത്തെ എങ്ങനെ തകര്‍ക്കുന്നു എന്ന് നോക്കാം.
1. 500 രൂപ ഒരു വലിയ തുകയല്ലല്ലോ?
നമ്മളെ സംബന്ധിച്ചിടത്തോളം 500 രൂപ എന്നത് അത്ര വലിയ തുകയല്ല. ഒരു ടാക്‌സി യാത്രയിലോ, ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിലോ, അല്ലെങ്കില്‍ കടയില്‍ പോകുമ്പോള്‍ തോന്നുന്ന ഒരു ചെറിയ പര്‍ച്ചേസിലോ ഈ തുക പെട്ടെന്ന് തീര്‍ന്നുപോകും. ഇത് നമ്മുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കില്ലെന്ന് നമ്മള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ചിലവുകളെ നമ്മള്‍ ഗൗരവമായി കാണാറില്ല.
2. മാസക്കണക്കില്‍ നോക്കിയാല്‍ ഞെട്ടും!
ദിവസവും ചിലവാക്കുന്ന ഈ 500 രൂപ ഒറ്റയടിക്ക് നമ്മുടെ പോക്കറ്റില്‍ നിന്ന് പോകുന്നുമില്ല. അതുകൊണ്ട് തന്നെ ബാങ്കില്‍ നിന്ന് വരുന്ന മെസ്സേജുകള്‍ നമ്മളെ ഭയപ്പെടുത്താറുമില്ല. എന്നാല്‍ മാസം അവസാനം കണക്കു കൂട്ടി നോക്കിയാലോ?
ഒരു ദിവസം: 500 രൂപ
ഒരു മാസം: 15,000 രൂപ
ഒരു വര്‍ഷം: 1.8 ലക്ഷം! ഇതൊരു ചെറിയ തുകയല്ല, മറിച്ച് ഗൗരവകരമായ ഒരു സാമ്പത്തിക ബാധ്യതയാണ്. പലപ്പോഴും ചിതറിക്കിടക്കുന്ന ചിലവുകള്‍ ആയതുകൊണ്ട് നമ്മള്‍ ഇതിന്റെ വലിപ്പം തിരിച്ചറിയുന്നില്ലെന്ന് മാത്രം.
3. ഈ 'ചില്ലറ' ചിലവ് ് തട്ടിയെടുക്കുന്നത് കോടികള്‍
ദിവസവും ന അനാവശ്യമായി ചിലവാക്കുന്ന ഈ 500 രൂപ ശരിയായ രീതിയില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ നിങ്ങള്‍ ഒരു കോടീശ്വരനാകുമായിരുന്നു. എങ്ങനെയെന്നല്ലേ? ദിവസം 500 രൂപ വീതം മാസം 15,000 രൂപ ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലോ മറ്റോ (ശരാശരി 12% ലാഭം കണക്കാക്കിയാല്‍) നിക്ഷേപിക്കുകയാണെന്ന് കരുതുക. 25 വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ കൈവശം ഉണ്ടാകുക 2.8 കോടി രൂപയിലധികം ആയിരിക്കും! ഒരു ചെറിയ ശീലം നിങ്ങളുടെ ഭാവി തന്നെ മാറ്റിയെഴുതിയേക്കാം.
4. വരുമാനം കൂടുമ്പോള്‍ ചിലവും കൂടും
ശമ്പളം കൂടുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ചിലവുകളും കൂടാറുണ്ട്. പണ്ട് 500 രൂപ ചിലവാക്കിയിരുന്ന സ്ഥാനത്ത് പിന്നീട് അത് 700 ഉം 1000 ഉം ആയി മാറും. ഇത് വളരെ സാവധാനം സംഭവിക്കുന്ന മാറ്റമായതുകൊണ്ട് തിരിച്ചറിയാറില്ല. കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാത്തവര്‍ക്ക് തങ്ങളുടെ സമ്പാദ്യത്തിന്മേലുള്ള നിയന്ത്രണം ഇതോടെ നഷ്ടപ്പെടുന്നു.
5. നിക്ഷേപിക്കാനുള്ള പണം എവിടെപ്പോകുന്നു?
ദൈനംദിന ചിലവുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍, സമ്പാദ്യത്തിനായി മാറ്റിവെക്കേണ്ട തുക കുറയുന്നു. വരുമാനം കൂടുന്നുണ്ടല്ലോ എന്ന് കരുതി സമാധാനിക്കുമെങ്കിലും, യഥാര്‍ത്ഥത്തില്‍ പഴയ അത്ര പോലും സമ്പാദിക്കാന്‍ നമുക്ക് കഴിയാതെ വരുന്നു. ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെടുക റിട്ടയര്‍മെന്റ് കാലത്തോ അല്ലെങ്കില്‍ വലിയ സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോഴോ ആയിരിക്കും.
6. വലിയ ചിലവുകള്‍ക്ക് നിയന്ത്രണം, ചെറിയവയ്ക്ക് 'നോ എന്‍ട്രി'!
ഒരു 15,000 രൂപയുടെ ലോണ്‍ ഇഎംഐ എടുക്കുമ്പോള്‍ നമ്മള്‍ നൂറുവട്ടം ആലോചിക്കും. എന്നാല്‍ ദിവസവും 500 രൂപ ചിലവാക്കുമ്പോള്‍ നമ്മള്‍ ഒന്നും ചിന്തിക്കാറില്ല. കാരണം, ഇത് താല്‍ക്കാലികമാണെന്ന് നമ്മള്‍ സ്വയം വിശ്വസിക്കുന്നു. എന്നാല്‍ സത്യത്തില്‍ ഇത്തരം ചെറിയ ചിലവുകളാണ് വലിയ നിക്ഷേപങ്ങളേക്കാള്‍ അപകടകാരികള്‍.
7. ആഘാതം വരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം
ഇന്ന് 500 രൂപ ചിലവാക്കുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തോന്നില്ലായിരിക്കാം. ബില്ലുകളെല്ലാം കൃത്യമായി അടയ്ക്കുന്നുണ്ടാകാം, ചെറിയ സമ്പാദ്യവും ഉണ്ടാകാം. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം റിട്ടയര്‍മെന്റ് ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോഴായിരിക്കും സമ്പാദ്യം എത്ര കുറവാണെന്ന് നിങ്ങള്‍ തിരിച്ചറിയുക. അപ്പോഴേക്കും ഈ ചിലവുകള്‍ ജീവിതശൈലിയുടെ ഭാഗമായി മാറിയിട്ടുണ്ടാകും, അത് മാറ്റിയെടുക്കാന്‍ പ്രയാസവുമാകും.
ചുരുക്കത്തില്‍ അമിതമായ ആഡംബരമല്ല, മറിച്ച് നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചിലവുകളാണ് സാമ്പത്തിക ഭാവിയെ തകര്‍ക്കുന്നത്. ദിവസേനയുള്ള ചിലവുകളെ മാസക്കണക്കില്‍ കാണാന്‍ പഠിച്ചാല്‍ സാമ്പത്തിക ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.
ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടുക.
