ട്രോളന്മാർ കരുണ കാണിക്കൂ; സക്കർബർഗിന് നഷ്ടം ചില്ലറയല്ല, 52000 കോടി രൂപ! ഈ ദു:ഖം ആരോട് പറയാൻ?

By Web TeamFirst Published Oct 5, 2021, 9:07 AM IST
Highlights

സെപ്തംബർ 13 മുതൽ ഫെയ്സ്ബുക്കിനെതിരെ വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് ഓഹരി വിപണിയിൽ തിരിച്ചടി നേരിടാൻ കാരണമായത്

ലോകത്തിന്‍റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതിന്റെ അലയൊലികൾ ഇപ്പോഴും ഒടുങ്ങിയിട്ടില്ല. ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ട്രോളന്മാർ പണി തുടങ്ങിയതാണ്. ഇപ്പോഴും മാർക് സക്കർബർഗും കമ്പനികളും കണക്കില്ലാത്ത പരിഹാസമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ വാട്‌സ് ആപ്പ് (WhatsApp), ഫേസ്ബുക്ക് (Facebook), ഇന്‍സ്റ്റാഗ്രാം (Instagram) എന്നീ സാമൂഹിക മാധ്യമങ്ങൾ തകരാറിലായതോടെ ലോകത്ത് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് സക്കർബർഗിനാണ്, അതും 52000 കോടി രൂപയിലേറെ.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ച‍റുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് നിശ്ചമായത്. ഇന്റർനെറ്റ് തകരാറിലായെന്ന സംശയത്തിലായിരുന്നു പലരും. സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കിന്റെ ആപ്പുകൾ കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. വാട്സ് ആപ്പ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ്പ് ട്വീറ്റ് ചെയ്തു. 

പക്ഷെ ക്ഷമിക്കാൻ പറഞ്ഞാൽ കേൾക്കുന്ന പതിവ് ഓഹരിവിപണിക്കില്ലല്ലോ. അതോടെ ഫെയ്സ്ബുക്കിന്റെ ഓഹരികളുടെ മൂല്യം ഇടിയാൻ തുടങ്ങി. കൈയ്യിലുണ്ടായിരുന്ന ഓഹരികൾ ആളുകൾ ഒന്നൊന്നായി വിറ്റൊഴിഞ്ഞതോടെ സക്കർബർഗിന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഏഴ് ബില്യൺ ഡോളർ നഷ്ടമായി. 52000 കോടി രൂപയിലേറെ വരും ഈ തുക.

സെപ്തംബർ മാസത്തിന്റെ പകുതി മുതൽ സക്കർബർഗിന് തിരിച്ചടിയാണ്. ഓഹരി വില 15 ശതമാനത്തോളം താഴേക്ക് പോയി. ഇന്നലെ മാത്രം 4.9 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇതോടെ ഫെയ്സ്ബുക് സ്ഥാപകന്റെ ആസ്തി 121.6 ബില്യൺ ഡോളറായി. ബ്ലൂംബെർഗ് ബില്യണയേർസ് ഇന്റക്സിൽ, അതിസമ്പന്നരിൽ ബിൽ ഗേറ്റ്സിന് പുറകിൽ അഞ്ചാം സ്ഥാനത്തേക്ക് സക്കർബർഗ് വീണു. ആഴ്ചകൾക്കിടയിൽ അദ്ദേഹത്തിന് നഷ്ടമായത് 20 ബില്യൺ ഡോളറോളമാണ്.

സെപ്തംബർ 13 മുതൽ ഫെയ്സ്ബുക്കിനെതിരെ വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് ഓഹരി വിപണിയിൽ തിരിച്ചടി നേരിടാൻ കാരണമായത്. ഇന്നലെ ആഭ്യന്തര രേഖകളെ അടിസ്ഥാനമാക്കിയുള്ള ഈ വാർത്തകളുടെ പിന്നിൽ പ്രവർത്തിച്ച വ്യക്തി സ്വയം മുന്നോട്ട് വന്നു. ഇതിന് പിന്നാലെയാണ്  ടെക്നിക്കൽ തകരാറുണ്ടായത്. ഇന്നലെ സക്ക‍ർബ‌ർഗ് ആപ്പുകളുടെ ദു‌‍ർഗതിയിൽ ട്രോളുമായി സാക്ഷാൽ ഗൂഗിൾ വരെ രം​ഗത്തെത്തി. ആരാണ് ഡു നോട്ട് ഡിസ്റ്റർബ് മോഡ് ഓൺ ആക്കിയത് എന്നായിരുന്നു  ഗൂഗിളിന്‍റെ പരിഹാസം. 'ഇപ്പ ശരിയാക്കിത്തരാം' എന്ന് പറയാൻ ഫേസ്ബുക്കിനും സഹോദരങ്ങൾക്ക് ട്വിറ്ററിൽ വരേണ്ടിവന്നു.

click me!