
പ്രസവാവധിക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുന്ന സ്ത്രീകള്‍ക്ക് കരിയറില്‍ വലിയ തിരിച്ചടികള്‍ നേരിടുന്നതായി പുതിയ റിപ്പോര്‍ട്ട്. പ്രസവാവധി മൂലം ഉണ്ടാകുന്ന തൊഴില്‍ ഇടവേളകളും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളും കാരണം രാജ്യത്ത് വേതനത്തില്‍ 20 ശതമാനത്തിലധികം അസമത്വം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് നൗക്രി.കോം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 80 വ്യവസായ മേഖലകളിലും എട്ട് നഗരങ്ങളിലുമായി 20,000-ത്തിലധികം പ്രൊഫഷണലുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുകള്‍. വേതനത്തിലെ ഈ അസമത്വത്തിന് പ്രധാന കാരണം പ്രസവാവധി മൂലമുണ്ടാകുന്ന തൊഴില്‍ ഇടവേളകളാണെന്ന് 51 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം, 27 ശതമാനം പേര്‍ ജോലിസ്ഥലത്തെ മുന്‍വിധികളും സ്ത്രീകളോടുള്ള മനോഭാവവുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളില്‍ വേതന വിടവ് ഏറ്റവും കൂടുതലുള്ളത് ഏത് വ്യവസായത്തിലാണെന്ന ചോദ്യത്തിന് 50 ശതമാനം പേരും ഐടി മേഖലയെയാണ് തിരഞ്ഞെടുത്തത്. റിയല്‍ എസ്റ്റേറ്റ് (21%), എഫ്എംസിജി (18%), ബാങ്കിംഗ് (12%) തുടങ്ങിയ മേഖലകളെ അപേക്ഷിച്ച് ഐടി മേഖലയിലാണ് വേതന അസമത്വം ഏറ്റവും കൂടുതലായി കാണുന്നത്. ഹൈദരാബാദ് (59%), ബംഗളൂരു (58%) തുടങ്ങിയ പ്രധാന ഐടി ഹബ്ബുകളിലുള്ള പ്രൊഫഷണലുകളാണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത്.
പ്രസവാവധി മൂലമുള്ള കരിയര്‍ തിരിച്ചടി ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഐടി (56%), ഫാര്‍മ (55%), ഓട്ടോമൊബൈല്‍ (53%) തുടങ്ങിയ മേഖലകളിലെ ജീവനക്കാരാണ്. 5-1 5 വര്‍ഷം തൊഴില്‍ പരിചയമുള്ള പ്രൊഫഷണലുകളിലാണ് ഇതിന്റെ ആഘാതം കൂടുതല്‍. ഈ സമയത്താണ് മിക്കപ്പോഴും പ്രസവാവധി എടുക്കേണ്ടി വരുന്നത്.
അതേസമയം, എണ്ണ, വാതക മേഖലകളില്‍ വേതന വിടവ് വളരെ കുറവാണെന്ന് 25 ശതമാനത്തിലധികം ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. ലിംഗാധിഷ്ഠിത വേതന അസമത്വം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.