ഒരേ ബർഗറിന് വ്യത്യസ്‍ത വില; മക്‌ഡൊണാൾഡ്‍സിലും എഐയുടെ ‘ഇടപെടൽ’, ബിഗ് മാക്കിന് വ്യത്യസ്‍ത വിലകളെന്ന് റിപ്പോർട്ട്

Published : Sep 30, 2026, 12:02 PM IST
McDonalds burgers

Synopsis

അമേരിക്കയിലെ മക്‌ഡൊണാൾഡ്സ് റെസ്റ്റോറന്റുകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ വിശകലനം ചെയ്താണ് ഒരേ ബർഗറിന് പലയിടത്തും പല വില നിശ്ചയിക്കുന്നത്. ഈ സംവിധാനം ഇന്ത്യയിൽ എത്തിയിട്ടുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല.

മക്‌ഡൊണാൾഡ്സിൽ ഒരേ ബർഗറിന് വ്യത്യസ്‍ത സ്ഥലങ്ങളിൽ വ്യത്യസ്‍ത വില. അമേരിക്കയിൽ മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് റെസ്റ്റോറന്റുകളിലെ മെനു വില നിർദേശിക്കുന്ന സംവിധാനം മക്‌ഡൊണാൾഡ്സ് ഉപയോഗിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഉപഭോക്താക്കളുടെ ഇടപാടുകൾ ഉൾപ്പെടെയുള്ള വലിയ അളവിലുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഓരോ റെസ്റ്റോറന്റിലെയും ഉൽപ്പന്നങ്ങൾക്ക് അനുയോജ്യമായ വില നിർദേശിക്കുന്നതെന്നാണ് റിപ്പോർട്ട്.

എഐ നിർദേശിക്കുന്ന ‘അനുയോജ്യമായ വില’

റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിൽ മക്‌ഡൊണാൾഡ്സിന്റെ വിലനിർണയ സംവിധാനത്തിൽ മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ദശലക്ഷക്കണക്കിന് ഇടപാടുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ റെസ്റ്റോറന്റിലെയും മെനു ഇനങ്ങൾക്ക് ‘അനുയോജ്യമായ വില’ നിർദേശിക്കുന്നതാണ് സംവിധാനം. ഒരു പ്രത്യേക പ്രദേശത്തെ ഉപഭോക്താക്കൾ എത്രത്തോളം വില നൽകാൻ തയ്യാറായേക്കാം എന്നതും പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണെന്നാണ് റിപ്പോർട്ട്. ഇതോടെ വിവിധ മക്‌ഡൊണാൾഡ്സ് റെസ്റ്റോറന്റുകൾക്കിടയിൽ ഒരേ ഉൽപ്പന്നത്തിന്റെ വിലയിൽ കൂടുതൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യമുണ്ടായതായും റോയിട്ടേഴ്‌സ് പറയുന്നു.

ഒരേ ബിഗ് മാക്കിന് വ്യത്യസ്‍ത വില

കാലിഫോർണിയയിലെ ഫ്രെസ്നോയിലുള്ള മക്‌ഡൊണാൾഡ്സിന്റെ ഒരു കമ്പനി ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൽ ബിഗ് മാക്കിന് 5.69 ഡോളറാണ് വിലയെന്ന് റോയിട്ടേഴ്‌സ് കണ്ടെത്തി. ഇതേ നഗരത്തിലെ ഏകദേശം 2 മൈൽ അകലെയുള്ള മറ്റൊരു കമ്പനി ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൽ അതേ ബർഗറിന് 6.89 ഡോളറായിരുന്നു വില. എന്നാൽ ഈ പ്രത്യേക വില വ്യത്യാസത്തിന് എഐ സംവിധാനം തന്നെയാണ് കാരണമായതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

മക്‌ഡൊണാൾഡ്സിന്റെ വിശദീകരണം

അതേസമയം വില നിശ്ചയിക്കുന്നതിൽ അന്തിമ തീരുമാനം ഫ്രാഞ്ചൈസി ഉടമകൾക്കാണെന്നാണ് മക്‌ഡൊണാൾഡ്സിന്റെ വിശദീകരണം. എഐ അധിഷ്ഠിത വിലനിർണയ സംവിധാനം നിർബന്ധിത സംവിധാനമല്ലെന്നും വില നിർദേശിക്കുന്ന ഒരു ഉപകരണം മാത്രമാണെന്നും കമ്പനി പറയുന്നു. എന്നാൽ ചില ഫ്രാഞ്ചൈസി ഉടമകൾ നിർദേശിക്കുന്ന വില പിന്തുടരാൻ കമ്പനിയുടെ ഭാഗത്തുനിന്ന് സമ്മർദം നേരിട്ടതായി റോയിട്ടേഴ്‌സിനോട് പറഞ്ഞിട്ടുണ്ട്. ഫ്രാഞ്ചൈസികൾ നിർദേശിച്ച വില പിന്തുടരാത്ത സാഹചര്യങ്ങളും കമ്പനി രേഖപ്പെടുത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്.

മത്സരനിയമത്തെക്കുറിച്ചും ആശങ്ക

എഐ അധിഷ്ഠിത വിലനിർണയം മത്സരനിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. വില നിർദേശിക്കുന്ന സംവിധാനം ഉപയോഗിക്കുമ്പോൾ ഫ്രാഞ്ചൈസി ഉടമകൾ തമ്മിൽ മത്സരിക്കുന്ന സ്ഥാപനങ്ങളായി കണക്കാക്കപ്പെടാമെന്നും അതിനാൽ ആന്റിട്രസ്റ്റ് നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും മക്‌ഡൊണാൾഡ്സ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അൽഗോരിതം അടിസ്ഥാനമാക്കിയുള്ള വിലനിർണയ സംവിധാനങ്ങൾ വിപണിയിലെ മത്സരത്തെ ബാധിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അമേരിക്കൻ നിയന്ത്രണ ഏജൻസികളും പരിശോധിച്ചുവരികയാണ്.

ഇന്ത്യയിലും ഇത് വരുമോ?

നിലവിൽ ഇന്ത്യയിലെ മക്‌ഡൊണാൾഡ്സ് റെസ്റ്റോറന്റുകളിൽ ഇതേ എഐ അധിഷ്ഠിത വിലനിർണയ സംവിധാനം ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന വിവരങ്ങളില്ല. വിവിധ റെസ്റ്റോറന്റുകളിൽ വിലയിൽ വ്യത്യാസമുണ്ടാകാമെന്ന് മക്‌ഡൊണാൾഡ്സ് ഇന്ത്യയുടെ നിബന്ധനകളിൽ പറയുന്നുണ്ട്. എന്നാൽ ഒരു പ്രദേശത്തെ ഉപഭോക്താക്കൾ എത്രത്തോളം പണം നൽകാൻ തയ്യാറാണ് എന്നതിന്റെ അടിസ്ഥാനത്തിൽ എഐ ഉപയോഗിച്ച് വില നിർണയിക്കുന്നതിൽ നിന്ന് ഇത് വ്യത്യസ്തമാണ്. ആഗോളതലത്തിൽ ബിസിനസിന്റെ വിവിധ മേഖലകളിൽ എഐ ഉപയോഗം മക്‌ഡൊണാൾഡ്സ് വർധിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത ഈ വിലനിർണയ സംവിധാനം ഇന്ത്യയിലെ റെസ്റ്റോറന്റുകളിലേക്ക് വ്യാപിപ്പിച്ചതിന് നിലവിൽ തെളിവുകളില്ല.

PREV
Read more Articles on
click me!

Recommended Stories

പാക് വ്യോമപാത അടഞ്ഞുതന്നെ; ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം, ചൈനയുടെ സിന്‍ജിയാങ് വഴി ബദല്‍ പാത തേടി രാജ്യം
വൻ സുരക്ഷാ ആശങ്ക; 'ജിപിടി - 6.1 ആസ്ട്ര' ഉപേക്ഷിച്ചെന്ന് ഓപ്പണ്‍എഐയുടെ പ്രഖ്യാപനം