ഹിറ്റ് സീരീസ് സ്ക്വിഡ് ഗെയിമിന് പിന്നാലെ കുതിച്ച് സ്ക്വിഡ് ക്രിപ്റ്റോകറൻസി, നിക്ഷേപിച്ചവർക്ക് നേട്ടം

By Web TeamFirst Published Oct 29, 2021, 7:10 PM IST
Highlights

ബിനാന്‍സ് സ്മാര്‍ട് ചെയിന്‍ നെറ്റ്‌വര്‍ക്കിന്റെ ആദ്യത്തെ ഗെയിം ടോക്കണ്‍ കൂടിയാണ് സ്‌ക്വിഡ് ടോക്കണ്‍

എക്കാലത്തെയും വലിയ ഒടിടി (OTT) ഹിറ്റായി മാറിയിരിക്കുന്ന സ്ക്വിഡ് ഗെയിം (Squid Game) എന്ന കൊറിയൻ സീരീസിന്റെ (Korean Series) പേരിൽ പുറത്തിറക്കിയ ക്രിപ്റ്റോ കറൻസിയും (Cryptocurrency) കുതിപ്പ് തുടരുന്നു. സ്‌ക്വിഡ് ടോക്കണ്‍ (Squid Token) എന്ന പേരില്‍ ക്രിപ്റ്റോകറന്‍സി പുറത്തിറക്കിയ പുതിയ ടോക്കണ്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇന്ന് വൈകീട്ട് 5.58 ന് 5.7 ഡോളറായി സ്ക്വിഡ് ടോക്കണിന്റെ വില ഉയർന്നു.

ആഗോള തലത്തിൽ വൻ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് സ്ക്വിഡ് ഗെയിം എന്ന സീരീസ്.  ലീ ജംഗ് ജേ, പാര്‍ക് ഹേ സൂ, ജങ് ഹൂ-ഇയോണ്‍, ഓ യങ് സൂ, ഗോങ് യൂ വി ഹാ-ജൂണ്‍ എന്നിവർക്ക് പുറമെ അനുപം ത്രിപതി എന്ന ഇന്ത്യാക്കാരനും പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ അനുപം ത്രിപാഠി, അലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

സീരീസ് വൻ ജനപ്രീതി നേടിയതോടെ സ്ക്വിഡ് ടോക്കൺ എന്ന ക്രിപ്റ്റോകറന്‍സിക്കും അത് നേട്ടമായി. ബിനാന്‍സ് സ്മാര്‍ട് ചെയിന്‍ നെറ്റ്‌വര്‍ക്കിന്റെ ആദ്യത്തെ ഗെയിം ടോക്കണ്‍ കൂടിയാണ് സ്‌ക്വിഡ് ടോക്കണ്‍.  സ്‌ക്വിഡ് ടോക്കണ്‍ ആപ്ലിക്കേഷന് പ്രൈസ് പൂള്‍ ഉണ്ടായിരിക്കും. പ്രീസെയിലില്‍ സ്വരൂപിച്ച തുകയുടെ 2 ശതമാനമായിരിക്കും പ്രൈസ് പൂള്‍. 10 പേര്‍ക്ക് ആപ്ലിക്കേഷനിലെ ഗെയിമുകളില്‍ പങ്കെടുക്കാനും അതില്‍ 3 പേര്‍ക്ക് പ്രൈസ് പൂള്‍ വിഭജിച്ച് സ്വന്തമാക്കാനും കഴിയും.

ക്രൈം ത്രില്ലർ സീരീസായ സ്ക്വിഡ് ഗെയിമിൽ പ്രതിപാദിച്ചിരിക്കുന്ന അതേ ഫോർമാറ്റ് തന്നെയാണ് സ്ക്വിഡ് ടോക്കണിന്റെ പ്രൈസ് പൂളിലും സ്വീകരിച്ചിരിക്കുന്നത്. പ്രീസെയില്‍ പൂര്‍ത്തിയായാല്‍ അതിലെ മികച്ച 10 പേര്‍ക്ക് ആപ്ലിക്കേഷനില്‍ നിന്ന് 3 ഗെയിമുകള്‍ കളിക്കാം. ഓരോ ഗെയിമിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പോയിന്റുകള്‍ ലഭിക്കും. കൂടുതല്‍ പോയന്റുകള്‍ ലഭിക്കുന്ന മൂന്ന് പേര്‍ക്ക് പ്രൈസ് പൂള്‍ വീതിച്ചെടുക്കാനാവും.

വൻ കടബാധ്യതയിൽ നട്ടംതിരിയുന്ന 456 വ്യക്തികളെ തിരഞ്ഞെടുത്ത് അവർക്ക് വൻ തുക സമ്മാനം ലഭിക്കുന്ന ആറ് കളികളുള്ള ഒരു മത്സരത്തിൽ പങ്കെടുപ്പിക്കുന്നതാണ് സ്ക്വിഡ് ഗെയിം സീരീസിന്റെ കഥാബിന്ദു. ഇവരിൽ ജേതാക്കളാകുന്നവർക്ക് 45.6 ബില്യൺ കൊറിയൻ വണ്ണാണ് സമ്മാനമായി ലഭിക്കുന്നത്. ജീവിതത്തിൽ പരാജയപ്പെട്ടിരിക്കുന്നവർക്ക് രക്ഷപ്പെടാനുള്ള അവസാന ശ്രമം എന്നാണ് മത്സര നടത്തിപ്പുകാർ ഇതിനെ വിശദീകരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ 142 ദശലക്ഷം ആളുകൾ സീരീസ് കണ്ടുകഴിഞ്ഞു. സെപ്തംബർ 17നാണ് സീരീസ് ആഗോള തലത്തിൽ റിലീസായത്.

click me!