ചൈനയില്‍ കാലിടറി നൈക്കി; വിപണി പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കമ്പനി

Published : Dec 19, 2025, 04:58 PM IST
Nike

Synopsis

ഒരുകാലത്ത് നൈക്കിയുടെ പ്രധാന വളര്‍ച്ചാ കേന്ദ്രമായിരുന്ന ചൈനയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ചൈനീസ് വിപണിയിലെ തന്ത്രങ്ങള്‍ പാളി. പുതിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യം

ലോകത്തെ ഏറ്റവും വലിയ കായിക വസ്ത്ര-പാദരക്ഷാ നിര്‍മ്മാതാക്കളായ നൈക്കിക്ക് ചൈനീസ് വിപണിയില്‍ കനത്ത തിരിച്ചടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചൈനയിലെ നൈക്കിയുടെ വരുമാനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് പാദരക്ഷാ വിപണിയില്‍ 20 ശതമാനത്തിന്റെ ഇടിവുണ്ടായത് കമ്പനിയെ ഞെട്ടിച്ചിരിക്കുകയാണ്.

മാറുന്ന ചൈനീസ് വിപണി

ഒരുകാലത്ത് നൈക്കിയുടെ പ്രധാന വളര്‍ച്ചാ കേന്ദ്രമായിരുന്ന ചൈനയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ചൈനീസ് വിപണിയിലെ തന്ത്രങ്ങള്‍ പാളിയെന്നും പുതിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും നൈക്കി സിഇഒ എലിയറ്റ് ഹില്‍ വ്യക്തമാക്കി.

പ്രതിസന്ധിക്ക് കാരണങ്ങള്‍ പലത്:

ആഭ്യന്തര ബ്രാന്‍ഡുകളുടെ വെല്ലുവിളി: ചൈനയിലെ സ്വന്തം ബ്രാന്‍ഡുകളായ 'അന്റ', 'ലി-നിംഗ്' എന്നിവ നൈക്കിക്ക് കടുത്ത മത്സരം ഉയര്‍ത്തുന്നുണ്ട്.

ഓണ്‍ലൈന്‍ കച്ചവടത്തിലെ ഇടിവ്: നൈക്കിയുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 36 ശതമാനത്തിന്റെ കുറവുണ്ടായി.

സ്റ്റോക്കുകള്‍ കെട്ടിക്കിടക്കുന്നു: വിറ്റുപോകാത്ത പഴയ മോഡലുകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നത് കമ്പനിയുടെ ലാഭത്തെ ബാധിച്ചു.

വിലയുദ്ധം: ചൈനീസ് ഉപഭോക്താക്കള്‍ വില കുറഞ്ഞ ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നതും നൈക്കിയെ തളര്‍ത്തി.

തിരിച്ചുവരാന്‍ ശ്രമം

നൈക്കി ഇപ്പോള്‍ വെറുമൊരു 'ലൈഫ്സ്റ്റൈല്‍' ബ്രാന്‍ഡായി മാറിയെന്നും അത് തിരുത്തി കായിക മേഖലയ്ക്ക് മുന്‍ഗണന നല്‍കുന്ന പഴയ പ്രതാപത്തിലേക്ക് തിരികെ വരണമെന്നുമാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വന്‍തോതിലുള്ള ഡിസ്‌കൗണ്ട് വില്പനകള്‍ കുറയ്ക്കാനും പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കാനും നൈക്കി പദ്ധതിയിടുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഓഹരി വിപണിയിലും നൈക്കി തിരിച്ചടി നേരിടുന്നുണ്ട്. ഈ വര്‍ഷം മാത്രം കമ്പനിയുടെ ഓഹരി വിലയില്‍ 13 ശതമാനത്തിന്റെ ഇടിവുണ്ടായി. എങ്കിലും വരും മാസങ്ങളില്‍ ചൈനീസ് വിപണിയില്‍ ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

വമ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ രൂപ! ഡോളറിനെതിരെ പടപൊരുതാൻ ആർബിഐയുടെ ഇടപെടൽ
Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?