12 ലക്ഷം വരെ നികുതി വേണ്ട, കേന്ദ്ര ബജറ്റിലെ ആദായ നികുതി ഇളവിൽ അറിയേണ്ടതെല്ലാം

Published : Feb 01, 2025, 03:16 PM ISTUpdated : Feb 01, 2025, 03:25 PM IST
12 ലക്ഷം വരെ നികുതി വേണ്ട, കേന്ദ്ര ബജറ്റിലെ ആദായ നികുതി ഇളവിൽ അറിയേണ്ടതെല്ലാം

Synopsis

പുതിയ ആദായ നികുതി സ്കീമുകളിലെ സ്ലാബുകളില്‍ കുറഞ്ഞത് എഴുപതിനായിരം രൂപ കിഴിവ് കിട്ടുന്ന തരത്തിലെ മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.  

ദില്ലി : ഇടത്തരക്കാര്‍ക്ക് ആദായ നികുതിയില്‍ വന്‍ ഇളവുമായി 2025-2026 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. പുതിയ ആദായ നികുതി സ്കീമുകളിലെ സ്ലാബുകളില്‍ കുറഞ്ഞത് 70,000 രൂപ കിഴിവ് കിട്ടുന്ന തരത്തിലെ മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.  

പ്രതീക്ഷക്കും അപ്പുറത്തുള്ള പ്രഖ്യാപനമാണ് ബജറ്റിലുണ്ടായത്. നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ നിലവിലുള്ള 7 ലക്ഷം വരുമാനമെന്ന പരിധി 10 ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന സൂചന. എന്നാല്‍ ഇനി 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. ശമ്പള വരുമാനമുള്ളവര്‍ക്കാണെങ്കില്‍ 75,000 രൂപയുടെ കൂടി കിഴിവ് കിട്ടും. അതായത് 12,75,000 വരുമാനമുള്ളവര്‍ക്ക് ആദായ നികുതി പൂജ്യമായിരിക്കും. പുതിയ നികുതി സ്കീം പ്രകാരമുളള സ്ലാബുകളില്‍ വലിയ വ്യത്യാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  നിലവില്‍ 12 ലക്ഷം വരെ ശമ്പളമുള്ളവര്‍ക്ക് 70000 രൂപയാകും ലാഭമുണ്ടാകുക. 

18 ലക്ഷം വരെയുള്ളവര്‍ക്ക് 80,000 രൂപയും, 25 ലക്ഷം വരെയുള്ളവർക്ക് 1,10,000 വരെയും ലാഭിക്കാം. ടിഡിഎസ് പിടിക്കാനുള്ള മുതിര്‍ന്ന പൗരന്മാരുടെ വരുമാന പരിധി 50,000 നിന്ന് ഒരു ലക്ഷം രൂപയാക്കി. ഭവന വായ്പക്കാണെങ്കില്‍ നിലവിലുള്ള 2.4 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമാക്കി ടിഡിഎസ് ഈടാക്കാതിരിക്കാനുള്ള പരിധി ഉയര്‍ത്തി. വാടകക്ക് നല്‍കാതെ സ്വന്തമായി ഉപയോഗിക്കുന്ന 2 വീടുകൾക്ക് ഒരുപാധിയുമില്ലാതെ പൂജ്യം വരുമാനമെന്ന് അവകാശപ്പെടാം. 

നിതീഷ് കുമാറിനെ പിണക്കാതെ മൂന്നാം മോദി സർക്കാർ, രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരി

ആദായ നികുതി പരിഷ്ക്കരണത്തിനുള്ള ബില്ല് അടുത്തയാഴ്ച പാര്‍ലമെന്‍റില്‍ കൊണ്ടുവരും. ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഈ പ്രഖ്യാപനം വഴി ആദായ നികുതിയിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 36 ജീവന്‍ രക്ഷാമരുന്നുകള്‍ക്കുള്ള ഇറക്കുമുതി തീരുവയും എടുത്തു കളഞ്ഞു. മൊബൈല്‍ ഫോണുള്‍പ്പെടെ ഇന്ത്യയിലെ ഉത്പാദന രംഗത്തിന് വേണ്ട പല സാമഗ്രികളുടെയും നികുതി സര്‍ക്കാര്‍ കുറച്ചത് ആശ്വാസമായി.  

ആദായ നികുതിയിലെ പുതിയ പരിഷ്കാരത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. മധ്യവർഗത്തിൻ്റെ കൈയിലേക്ക് കൂടുതൽ പണം എത്തുന്നതോടെ മാർക്കറ്റിലേക്ക് കൂടുതൽ പണം ഇറങ്ങുമെന്ന് സർക്കാർ കരുതുന്നു. മധ്യവർഗ്ഗം തിങ്ങിപ്പാർക്കുന്ന ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് കൂടി മുന്നിൽ കണ്ടാണ് ഈ പ്രഖ്യാപനം എന്ന് വിലയിരുത്തുന്നവരുണ്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ