വാടക മുടങ്ങി: ജെറ്റിന്‍റെ വിമാനങ്ങള്‍ പാട്ടക്കമ്പനികള്‍ തിരിച്ചെടുത്തു; കമ്പനി വാങ്ങാനും ആളില്ല

By Web TeamFirst Published Apr 11, 2019, 10:45 AM IST
Highlights

സ്റ്റേറ്റ് ബാങ്ക് മുന്‍കൈയെടുത്താണ് ഓഹരി വില്‍പ്പന സംഘടിപ്പിച്ചത്. എന്നാല്‍, ഓഹരി വാങ്ങാന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ആരും ബിഡ് നല്‍കാന്‍ തയ്യാറായില്ല. 

ദില്ലി: കടം കയറി പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേസിന്‍റെ പ്രവര്‍ത്തനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ജെറ്റ് എയര്‍വേസിന് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിരുന്ന കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളിലായി അവ തിരികെയെടുത്തതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. ഇന്നലെ ബിഡ് സമര്‍പ്പിക്കാനുളള അവസാന തീയതി ആയിരുന്നിട്ടും ജെറ്റിന്‍റെ ഓഹരി വാങ്ങാന്‍ ആരും എത്താത്തതിനെ തുടര്‍ന്ന് അവസാന തീയതി വെള്ളിയാഴ്ച വരെ നീട്ടി. 

സ്റ്റേറ്റ് ബാങ്ക് മുന്‍കൈയെടുത്താണ് ഓഹരി വില്‍പ്പന സംഘടിപ്പിച്ചത്. എന്നാല്‍, ഓഹരി വാങ്ങാന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ആരും ബിഡ് നല്‍കാന്‍ തയ്യാറായില്ല. ജെറ്റിന്‍റെ 75 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ബാങ്കുകളുടെ കൂട്ടായ്മ ജെറ്റ് എയര്‍വേസിലേക്ക് 1,500 കോടി രൂപ എത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ നടപടിക്ക് ഇതുവരെ അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായിട്ടില്ല. 

നേരത്തെ കടബാധ്യത ഓഹരിയാക്കി മാറ്റാന്‍ വായ്പദാതാക്കളായ ബാങ്കുകള്‍ ആലോചിച്ചിരുന്നെങ്കിലും പദ്ധതി നയപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് മുടങ്ങി. ഇതുവഴി കമ്പനിയുടെ 50.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനായിരുന്നു വായ്പദാതാക്കളായ ബാങ്കുകളുടെ പദ്ധതി. ഏറ്റവും അധികം വായ്പ തുക തിരിച്ചുകിട്ടാനുളളത് സ്റ്റേറ്റ് ബാങ്കിനാണ്. കഴിഞ്ഞ മാസമാണ് കമ്പനിയുടെ നിയന്ത്രണം എസ്ബിഐ ഏറ്റെടുത്തത്. ഇതിനെ തുടര്‍ന്ന് ചെയര്‍മാനും ജെറ്റിന്‍റെ സ്ഥാപകനുമായ നരേഷ് ഗോയലിന് രാജിവച്ച് കമ്പനിക്ക് പുറത്തേക്ക് പോകേണ്ടി വന്നു.

click me!