സർക്കാർ നടപടികൾ നേട്ടമായി, നിഷ്ക്രിയ ആസ്തികൾ നിയന്ത്രിക്കാനായി: അനുരാ​ഗ് താക്കൂർ

By Web TeamFirst Published Feb 9, 2021, 5:28 PM IST
Highlights

പിഎസ്ബികളുടെ പ്രൊവിഷൻ കവറേജ് അനുപാതം 2020 സെപ്റ്റംബർ അവസാനത്തോടെ 85.06 ശതമാനമായി ഉയർന്നു. 

ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്ക്രിയ ആസ്തികൾ (എൻപിഎ) 2018 മാർച്ചിലെ 8.96 ലക്ഷം കോടിയിൽ നിന്ന് 2020 സെപ്റ്റംബറിൽ 6.09 ലക്ഷം കോടിയായി കുറഞ്ഞെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാ​ഗ് താക്കൂർ. കിട്ടാക്കടം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളെത്തുടർന്നാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.

2018 മാർച്ചിനും 2020 സെപ്റ്റംബറിനും ഇടയിൽ 2.54 ലക്ഷം കോടി വീണ്ടെടുക്കപ്പെട്ടു. 12 പൊതുമേഖല ബാങ്കുകളിൽ (പിഎസ്ബി) 11 എണ്ണവും ചേർന്ന് 2020-21 ന്റെ ആദ്യ പകുതിയിൽ 14,688 കോടി ലാഭം രേഖപ്പെടുത്തിയതായും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. 

പിഎസ്ബികളുടെ പ്രൊവിഷൻ കവറേജ് അനുപാതം 2020 സെപ്റ്റംബർ അവസാനത്തോടെ 85.06 ശതമാനമായി ഉയർന്നു. ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്താൻ 2015 ൽ ആരംഭിച്ച അസറ്റ് ക്വാളിറ്റി റിവ്യൂ (എക്യുആർ) ഉയർന്ന എൻപിഎകളെ തിരിച്ചറിയാൻ സഹായിച്ചു.

2020-21 കാലയളവിൽ പിഎസ്ബികൾ ഇക്വിറ്റി, ബോണ്ടുകൾ എന്നിവയുടെ രൂപത്തിൽ 50,982 കോടി സമാഹരിച്ചതായി മറ്റൊരു ചോദ്യത്തിനുളള മറുപടിയായി താക്കൂർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിൽ പിഎസ്ബികളുടെ പുനർ മൂലധനത്തിനായി 20,000 കോടി വിഹിതം അടുത്തിടെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  
 

click me!