എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ നേടാം? പ്രയോജനങ്ങളറിയാം

Published : May 25, 2025, 01:53 PM IST
എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ നേടാം? പ്രയോജനങ്ങളറിയാം

Synopsis

പണമിടപാടുകള്‍ നടത്താനും വിദേശ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ഫോറിന്‍ ട്രാന്‍സാക്ഷന്‍ ഫീസുകള്‍ ഒഴിവാക്കാനും സഹായിക്കും.

വിദേശത്ത് താമസിക്കുമ്പോഴും നാട്ടിലുള്ളവരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. അവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡുകള്‍  വളരെ പ്രയോജനകരമാണ്. ഇന്ത്യയില്‍ നിന്ന് ഇഷ്യൂ ചെയ്യുന്ന ഈ കാര്‍ഡുകള്‍ നാട്ടിലേക്കുള്ള യാത്രകളില്‍ പണമിടപാടുകള്‍ നടത്താനും വിദേശ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ഫോറിന്‍ ട്രാന്‍സാക്ഷന്‍ ഫീസുകള്‍ ഒഴിവാക്കാനും സഹായിക്കും. എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്താണെന്നും പ്രയോജനങ്ങളും എന്തൊക്കെയാണെന്നും നോക്കാം.

എന്താണ് എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡ്? 
പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ് എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡുകള്‍. ഇന്ത്യയില്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുപോലെ ഓണ്‍ലൈനായും ഓഫ്ലൈനായും ഇത് ഉപയോഗിക്കാം. എന്‍ആര്‍ഇ , എന്‍ആര്‍ഒ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ബാങ്കുകള്‍ എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്.  കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ഉപഭോക്താവ് ബാങ്കിന്‍റെ ശാഖയില്‍ നേരിട്ട് ഹാജരാകേണ്ടി വരും. ഇന്ത്യയിലെ ബാങ്ക് ശാഖകള്‍ വഴിയോ വിദേശത്തുള്ള ശാഖകള്‍ വഴിയോ എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. ചില ബാങ്കുകള്‍ക്ക് കാര്‍ഡ് അപേക്ഷാ സമയത്ത് എന്‍ആര്‍ഐ ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. എന്‍ആര്‍ഇ/എന്‍ആര്‍ഒ ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്ക് (എഫ്ഡി) പകരമായും ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭിക്കും.

എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രയോജനങ്ങള്‍
എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നിരവധി പ്രയോജനങ്ങളുണ്ട്. ഇന്ത്യന്‍ കറന്‍സിയിലും അന്താരാഷ്ട്ര കറന്‍സിയിലും ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍ നടത്താന്‍ സാധിക്കും. എന്നാല്‍, അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഫോറിന്‍ എക്സ്ചേഞ്ച് കണ്‍വേര്‍ഷന്‍ ചാര്‍ജുകള്‍ ബാധകമാണ്. കൂടാതെ, ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര എടിഎമ്മുകളില്‍ നിന്ന് പ്രാദേശിക കറന്‍സിയില്‍ പണം പിന്‍വലിക്കാനും സാധിക്കും.

അന്താരാഷ്ട്ര എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ പിന്‍വലിക്കല്‍ ഫീസും ഫോറിന്‍ എക്സ്ചേഞ്ച് കണ്‍വേര്‍ഷന്‍ ചാര്‍ജുകളും ഈടാക്കും. സാധാരണ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന മിക്ക ആനുകൂല്യങ്ങളും എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ലഭിക്കും. ഇന്ത്യയിലെ ഇടപാടുകള്‍ക്ക് റിവാര്‍ഡുകളും ക്യാഷ്ബാക്കുകളും നേടാം. എയര്‍പോര്‍ട്ട്  ലോഞ്ച് ആക്സസ്, പ്രയോറിറ്റി ചെക്ക്-ഇന്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. 

എങ്ങനെ അപേക്ഷിക്കാം?
എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കില്‍ സാധുവായ ഒരു എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ട് ഉണ്ടായിരിക്കണം.  കാര്‍ഡ് ഉടമയ്ക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ ചില ബാങ്കുകള്‍ 18 വയസ്സുള്ളവര്‍ക്കും കാര്‍ഡ് നല്‍കാറുണ്ട്.

എന്‍ആര്‍ഐ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍:

സാധുവായ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്
സാധുവായ വര്‍ക്ക് പെര്‍മിറ്റ്/എംപ്ലോയ്മെന്‍റ് വിസ/അഡ്മിഷന്‍ ലെറ്റര്‍
ഇന്ത്യന്‍ വിലാസം തെളിയിക്കുന്ന രേഖ: പാസ്പോര്‍ട്ട്/യൂട്ടിലിറ്റി ബില്‍/ബാങ്ക് സ്റ്റേറ്റ്മെന്‍റ്
വിദേശ വിലാസം തെളിയിക്കുന്ന രേഖ: യൂട്ടിലിറ്റി ബില്ലുകള്‍ (ഏറ്റവും പുതിയ വൈദ്യുതി, വെള്ളം, ടെലിഫോണ്‍ ബില്‍)/റെസിഡന്‍സ് പെര്‍മിറ്റ്/പ്രോപ്പര്‍ട്ടി ടാക്സ്
സ്ഥിരം അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ് അല്ലെങ്കില്‍ ഫോം 60 (ബാധകമെങ്കില്‍)
കഴിഞ്ഞ മൂന്ന് മാസത്തെ വരുമാന സ്റ്റേറ്റ്മെന്‍റ് അല്ലെങ്കില്‍ ശരാശരി ത്രൈമാസ ബാലന്‍സ്.
ഇന്ത്യന്‍ റെഫറന്‍സ് വിലാസവും ഇന്ത്യന്‍ ഫോണ്‍ നമ്പറും.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം