എ.ഐ ജോലികള്‍ കവരുമോ? അമേരിക്കയെ ഭയപ്പെടുത്തുന്നത് അതല്ല, യഥാര്‍ത്ഥ വില്ലന്‍ വേറെയുണ്ട്!

Published : Feb 22, 2026, 05:16 PM IST
 saket saurabh gurgaon momo business success 50 lpa job left franchise growth 5 crore revenue

Synopsis

സാങ്കേതികവിദ്യ മാറുമ്പോള്‍ അതിനനുസരിച്ച് തൊഴിലാളികളുടെ നൈപുണ്യവും മാറേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ മികച്ച വിദ്യാഭ്യാസം നല്‍കിയാണ് ഇത് സാധ്യമാക്കിയിരുന്നത്.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിവേഗം വളരുമ്പോള്‍, അത് തങ്ങളുടെ ജോലികള്‍ മുഴുവന്‍ കവര്‍ന്നെടുക്കുമോ എന്ന വലിയ ആശങ്കയിലാണ് അമേരിക്കക്കാര്‍. എന്നാല്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ കാത്തിരിക്കുന്നത് ഈ ഭയത്തേക്കാള്‍ വലിയ മറ്റൊരു പ്രതിസന്ധിയാണ്: രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായിരുന്ന 'മനുഷ്യവിഭവശേഷി'യുടെ തകര്‍ച്ച. മികച്ച നൈപുണ്യമുള്ള, വലിയൊരു തൊഴിലാളി സമൂഹമായിരുന്നു അമേരിക്കയെ ഒരു സാമ്പത്തിക ശക്തിയാക്കി മാറ്റിയത്. എന്നാല്‍ ഇന്ന് ആ മനുഷ്യവിഭവശേഷിയുടെ മൂല്യവും എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്; ഇത് തടയാന്‍ ആരും ഒന്നും ചെയ്യുന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ജനസംഖ്യ കുറയുന്നു, പ്രതിസന്ധി ഏറുന്നു

അമേരിക്കന്‍ തൊഴില്‍മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി മനുഷ്യരുടെ എണ്ണം കുറയുന്നതാണ്. ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടുകയും കുടിയേറ്റം കുറയുകയും ചെയ്തതോടെ ജോലി ചെയ്യാന്‍ പ്രാപ്തിയുള്ളവരുടെ എണ്ണം ചുരുങ്ങി. ഇത് തൊഴിലാളികളുടെ മാത്രമല്ല, ഉപഭോക്താക്കളുടെ എണ്ണത്തിലും ഇടിവുണ്ടാക്കുന്നു. പ്രായമായവരുടെ പെന്‍ഷനും സര്‍ക്കാരിന്റെ കടബാധ്യതകളും അടച്ചുതീര്‍ക്കാന്‍ ഇന്നത്തെ യുവതലമുറ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. മുന്‍കാലങ്ങളില്‍ കുടിയേറ്റം പ്രോത്സാഹിപ്പിച്ചാണ് അമേരിക്ക ഈ പ്രശ്‌നം പരിഹരിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് എളുപ്പമല്ല.

പ്രതിവിധി ഉല്‍പ്പാദനക്ഷമത മാത്രം

തൊഴിലാളികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം തൊഴിലാളികളുടെ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ്. മൂന്ന് പേര്‍ ചെയ്യുന്ന ജോലി മികച്ച നൈപുണ്യമുള്ള ഒരു യുവാവിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിഞ്ഞാല്‍ അവിടെ പ്രായമാകുന്ന ജനത ഒരു പ്രശ്‌നമല്ലാതാകും. 20-ാം നൂറ്റാണ്ടില്‍ വിദ്യാഭ്യാസവും പുതിയ സാങ്കേതികവിദ്യകളും അമേരിക്കന്‍ തൊഴിലാളികളുടെ മൂല്യം വര്‍ദ്ധിപ്പിച്ചത് ഇങ്ങനെയാണ്.

2025-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എന്നാല്‍ എ.ഐ വരുന്നതോടെ മനുഷ്യരുടെ ആവശ്യം തന്നെ ഇല്ലാതാകുമോ എന്ന ഭയം ഈ ആശ്വാസത്തെ കെടുത്തുന്നു.

ചരിത്രം ആവര്‍ത്തിക്കുമോ? കണക്കുകള്‍ പറയുന്നത്

സാങ്കേതികവിദ്യ വളരുമ്പോള്‍ പഴയ ജോലികള്‍ നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ സാങ്കേതികവിദ്യ ചില ജോലികള്‍ ഇല്ലാതാക്കിയെങ്കിലും, അതിനേക്കാള്‍ മികച്ച പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേതനം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എ.ഐയുടെ കാര്യത്തില്‍ ഇത് സംഭവിക്കില്ല എന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും, അത് ഉറപ്പിക്കാന്‍ സമയമായിട്ടില്ല.

എ.ഐ തൊഴില്‍ കളയുന്നില്ല: എ.ഐ കാരണം വ്യാപകമായി തൊഴില്‍ നഷ്ടപ്പെടുന്നതായി ഇതുവരെ കണക്കുകള്‍ സൂചിപ്പിക്കുന്നില്ല. എ.ഐ ഉപയോഗിക്കുന്ന പല വ്യവസായങ്ങളും ഇപ്പോഴും ആളുകളെ ജോലിക്ക് എടുക്കുന്നുണ്ട്.

മനുഷ്യന്റെ നൈപുണ്യം എ.ഐയ്ക്ക് സ്വന്തമാക്കാനാകില്ല: എ.ഐ എല്ലാം ചെയ്യുമെന്ന് പറയുന്നവരില്‍ പലരും ആ ജോലികള്‍ നേരിട്ട് ചെയ്തിട്ടുള്ളവരല്ല. ഉദാഹരണത്തിന്, വെല്‍ത്ത് മാനേജര്‍മാരുടെ ജോലി എ.ഐ എടുത്തേക്കുമെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അവര്‍ വെറുതെ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുകയും കണക്കുകള്‍ നോക്കുകയുമല്ല ചെയ്യുന്നത്. ഇടപാടുകാരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ഒരു തെറാപ്പിസ്റ്റിനെപ്പോലെ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യാറുണ്ട്. ഈ കഴിവുകള്‍ക്ക് എ.ഐ പകരമാകില്ല. പകരം, ബോറടിപ്പിക്കുന്ന കണക്കൂട്ടലുകള്‍ എ.ഐയെ ഏല്‍പ്പിച്ച്, മനുഷ്യര്‍ക്ക് തങ്ങളുടെ ഇടപാടുകാരുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ഇത് അവസരമൊരുക്കും.

വില്ലനാകുന്നത് വിദ്യാഭ്യാസ നിലവാരത്തിലെ തകര്‍ച്ച

സാങ്കേതികവിദ്യ മാറുമ്പോള്‍ അതിനനുസരിച്ച് തൊഴിലാളികളുടെ നൈപുണ്യവും മാറേണ്ടതുണ്ട്. മുന്‍കാലങ്ങളില്‍ മികച്ച വിദ്യാഭ്യാസം നല്‍കിയാണ് ഇത് സാധ്യമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് കൂടുതല്‍ പേര്‍ ബിരുദം നേടുന്നുണ്ടെങ്കിലും വിദ്യാഭ്യാസ നിലവാരം താഴോട്ടാണ്. ഇന്നത്തെ പല ബിരുദധാരികള്‍ക്കും സ്വന്തമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് കുറവാണ്. സാങ്കേതികവിദ്യ അതിവേഗം സ്മാര്‍ട്ടാകുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ അതിനൊപ്പം എത്തുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി.

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ ക്രുഗ്മാന്‍ പറഞ്ഞത് പോലെ, 'ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉല്‍പ്പാദനക്ഷമത തന്നെയാണ് എല്ലാം'. അമേരിക്കയുടെ ഉല്‍പ്പാദനക്ഷമത കൂടിയാല്‍ പോലും മനുഷ്യവിഭവശേഷി തകര്‍ന്നാല്‍ അത് വലിയ പ്രതിസന്ധിയുണ്ടാക്കും.

പരിഹാരം എന്ത്?

നിര്‍മ്മിത ബുദ്ധിക്ക് ഒറ്റയ്ക്ക് അമേരിക്കയെ സാമ്പത്തികമായി രക്ഷിക്കാന്‍ കഴിയില്ല. അതിന് വിദ്യാര്‍ത്ഥികളെ മികച്ച രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും, ഉയര്‍ന്ന നൈപുണ്യമുള്ള കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്ന നയങ്ങളും ആവശ്യമാണ്. ചുരുക്കത്തില്‍, മനുഷ്യവിഭവശേഷി മെച്ചപ്പെടുത്താനുള്ള കൃത്യമായൊരു പദ്ധതിയാണ് അമേരിക്കയ്ക്ക് ഇപ്പോള്‍ ഏറ്റവും അനിവാര്യം.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയ്ക്ക് മാതളനാരങ്ങ നല്‍കാം, പകരം കോഴിയിറച്ചി വാങ്ങണം; നികുതിയിളവ് തേടി ബ്രസീല്‍
ചരിത്രം തീർത്ത് ചെറുകിട നിക്ഷേപകർ; ജനുവരിയിൽ ഓഹരി വിപണിയിലേക്ക് ഒഴുകിയെത്തി കോടികൾ