
ആഗോള സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ 17-ന്റെ അസംബ്ലിങ്ങിനായുള്ള ഘടകങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുതുടങ്ങിയതായി റിപ്പോര്‍ട്ട്. കസ്റ്റംസ് ഡാറ്റ ഉദ്ധരിച്ച ഇക്കണോമിക് ടൈംസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഐഫോണ്‍ 17-ന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദനത്തിന് വേണ്ടിയുള്ളതാകാനാണ് സാധ്യത. കാരണം, പഴയ ഐഫോണ്‍ മോഡലുകള്‍ക്കായി ഇറക്കുമതി ചെയ്തതിനേക്കാള്‍ വളരെ കുറഞ്ഞ അളവിലാണ് ഇവ എത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം മുതല്‍ ഡിസ്‌പ്ലേ അസംബ്ലികള്‍, കവര്‍ ഗ്ലാസ്, മെക്കാനിക്കല്‍ ഹൗസിംഗുകള്‍, ഇന്റഗ്രേറ്റഡ് റിയര്‍ ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങളും സബ്-അസംബ്ലികളും ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയതായി കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു.
ഈ മാസം ഐഫോണ്‍ 17-ന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും, ഓഗസ്റ്റില്‍ വന്‍തോതിലുള്ള ഉത്പാദനം തുടങ്ങുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്തംബറില്‍ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം. ഇന്ത്യയെ ഒരു തന്ത്രപ്രധാനമായ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിന്റെ ഭാഗമായി, ചൈനയിലും ഇന്ത്യയിലും ഒരേ സമയം ഐഫോണ്‍ 17 നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പ്രത്യേകിച്ചും യുഎസ് വിപണിയിലേക്കുള്ള മോഡലുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.
ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആപ്പിള്‍ ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചുവരികയാണ്. 2026 ഓടെ യുഎസ് വിപണിയിലേക്കുള്ള ഐഫോണുകളുടെ പൂര്‍ണ്ണമായ ഉത്പാദനം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, ഈ ഫോണുകള്‍ യുഎസില്‍ തന്നെ നിര്‍മ്മിക്കാന്‍ യുഎസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈനയിലെയും ഇന്ത്യയിലെയും ഐഫോണ്‍ ഉത്പാദനത്തിനിടയിലുള്ള സമയദൈര്‍ഘ്യം ആപ്പിള്‍ ക്രമാനുഗതമായി കുറച്ചുവരികയാണ്. ഐഫോണ്‍ 14-ന്റെ അസംബ്ലിംഗ് ചൈനയില്‍ ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ തുടങ്ങിയതെങ്കില്‍, ഐഫോണ്‍ 15-ന്റെ നിര്‍മ്മാണം രണ്ട് രാജ്യങ്ങളിലും ഒരേ സമയം ആണ് ആരംഭിച്ചത്. ആപ്പിളിന്റെ ഇന്ത്യയിലെ വികസന പദ്ധതികള്‍ക്ക് തിരിച്ചടിയായി, ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പ് ഇന്ത്യയിലെ ഐഫോണ്‍ ഫാക്ടറികളില്‍ നിന്ന് നൂറുകണക്കിന് ചൈനീസ് എഞ്ചിനീയര്‍മാരെയും ടെക്നീഷ്യന്‍മാരെയും തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഐഫോണ്‍ 17-ന്റെ ഉത്പാദന പദ്ധതികളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കിടെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്‍പാദനം തുടങ്ങാന്‍ പോകുന്നത്.