
കറാച്ചി: നയതന്ത്ര ലോകത്ത് തോക്കുകളും ചര്‍ച്ചകളുമാണ് സാധാരണ യുദ്ധം ജയിക്കാറുള്ളത്. എന്നാല്‍ പാകിസ്ഥാന്‍ ഇപ്പോള്‍ പയറ്റുന്നത് ഒരു പുതിയ തന്ത്രമാണ്- 'ബിപ്ലോമസി' . ബിറ്റ്‌കോയിനും ഡിപ്ലോമസിയും ചേര്‍ത്തുവെച്ച ഈ പുതിയ തന്ത്രത്തിന് പിന്നില്‍ 35 വയസ്സുകാരനായ ഒരു യുവാവാണ്. പേര് ബിലാല്‍ ബിന്‍ സാഖിബ്. വെറുമൊരു ക്രിപ്‌റ്റോ ഇടപാടുകാരനല്ല ബിലാല്‍. പാക് സൈനിക മേധാവി അസിം മുനീറിനും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണിയാള്‍.
ലാഹോറില്‍ ജനിച്ച ബിലാലിന്റെ ജീവിതം ഏതൊരു സിനിമയെയും വെല്ലുന്നതാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിക്കുന്ന കാലത്ത് ജീവിതച്ചെലവിനായി മൂന്ന് ജോലികള്‍ വരെ ബിലാല്‍ ചെയ്തിരുന്നു. അതിലൊന്ന് ടോയ്ലറ്റുകള്‍ കഴുകി വൃത്തിയാക്കുന്ന ജോലിയായിരുന്നു. അന്ന് ആരും കരുതിയില്ല, പില്‍ക്കാലത്ത് പാകിസ്താന്റെ വിധി മാറ്റിയെഴുതുന്ന ചര്‍ച്ചകളില്‍ ഇയാള്‍ മുന്‍നിരയിലുണ്ടാകുമെന്ന്. പഠനശേഷം സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ ബിലാല്‍, ശുദ്ധജല വിതരണത്തിനായി ഒരു ചാരിറ്റി സ്ഥാപിച്ചു. കൊവിഡ് കാലത്ത് ഭക്ഷണമെത്തിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെയും ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
2017-ല്‍ ബിറ്റ്‌കോയിന്‍ കുതിച്ചുയര്‍ന്നപ്പോഴാണ് ബിലാല്‍ ക്രിപ്‌റ്റോ ലോകത്തേക്ക് വരുന്നത്. 2025-ല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ ക്രിപ്‌റ്റോ കൗണ്‍സിലിന്റെ തലവനായി നിയമിച്ചു. അതോടെയാണ് കാര്യങ്ങള്‍ മാറുന്നത്. ട്രംപിന്റെ സ്വന്തം ക്രിപ്‌റ്റോ പ്ലാറ്റ്ഫോമായ 'വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്റെ' സിഇഒ സക്കറി വിറ്റ്കോഫിനെ ഇസ്ലാമാബാദിലെത്തിച്ച് പ്രധാനമന്ത്രിയുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തിക്കാന്‍ ബിലാലിന് കഴിഞ്ഞു. 'ക്രിപ്‌റ്റോ കാരണം പുതിയ വാതിലുകള്‍ തുറക്കപ്പെട്ടു. പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചു, വിശ്വാസം വളര്‍ന്നു. പാകിസ്ഥാന്റെ ബ്രാന്‍ഡ് മാറ്റാനുള്ള അവസരമാണിത്,' ബിലാല്‍ ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. നയതന്ത്രത്തില്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നതിനെ അദ്ദേഹം 'ബിപ്ലോമസി' എന്ന് വിളിക്കുന്നു.
ബിലാലിന്റെ ക്രിപ്‌റ്റോ ബന്ധങ്ങള്‍ കേവലം ഫോട്ടോകളില്‍ ഒതുങ്ങിയില്ല. അത് രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കി കൊടുത്തു. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുമ്പോഴാണ് ബിലാലിനെ സര്‍ക്കാര്‍ അടിയന്തരമായി വാഷിംഗ്ടണിലേക്ക് വിളിപ്പിച്ചത്. കയ്യില്‍ ഒരു സ്യൂട്ട് പോലും കരുതാതെയാണ് അദ്ദേഹം അവിടെ ചര്‍ച്ചകള്‍ക്ക് പോയത്. ആ ചര്‍ച്ചകളുടെ ഫലമായി പാകിസ്ഥാന്റെ കയറ്റുമതി സാധനങ്ങള്‍ക്കുള്ള അമേരിക്കന്‍ നികുതി 19 ശതമാനമായി കുറച്ചു. മറ്റ് പല രാജ്യങ്ങള്‍ക്കും വലിയ നികുതി ചുമത്തുമ്പോഴാണ് ട്രംപ് ഭരണകൂടത്തിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് ബിലാല്‍ ഈ നേട്ടം പാകിസ്ഥാന് സ്വന്തമാക്കിയത്.
ക്രിപ്‌റ്റോ ലോകത്തെ ഭീമന്മാരായ ചെങ്പെങ് ഷാവോ , മൈക്കല്‍ സെയ്‌ലര്‍ എന്നിവരുമായും ബിലാലിന് അടുത്ത ബന്ധമുണ്ട്. 'ഞാന്‍ ഒരു സയന്റിസ്റ്റല്ല, മറിച്ച് ഒരു ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്ന ആര്‍ട്ടിസ്റ്റാണ്,' എന്നാണ് തന്റെ വിജയത്തെക്കുറിച്ച് ബിലാലിന് പറയാനുള്ളത്. എന്തായാലും പാകിസ്ഥാന്റെ പുതിയ 'ക്രിപ്‌റ്റോ ബ്രോ' ആഗോള രാഷ്ട്രീയത്തില്‍ ഒരു വലിയ വിപ്ലവത്തിന് തന്നെയാണ് തുടക്കമിട്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം