ഇന്ധനവില ഇന്നും കൂട്ടി; പെട്രോൾ ലിറ്ററിന് 25 പൈസയും ഡിസലിന് 14 പൈസയും വർധിപ്പിച്ചു

By Web TeamFirst Published Jun 16, 2021, 7:25 AM IST
Highlights
  • 16 ദിവസത്തിനിടയിൽ വില കൂട്ടുന്നത് ഒമ്പതാം തവണ
  • തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപയ്ക്കടുത്ത്. 
  • വിലവർധനയ്ക്കെതിരെ സിപിഎമ്മിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്നുമുതൽ.

ദില്ലി: രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും കൂടി. കൊച്ചിയിൽ പൊട്രോൾ വില 96 രൂപ 76 പൈസയും ഡീസൽ വില 93 രൂപ 11 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 98 രൂപ 70 പൈസയും ഡീസൽ വില 93 രൂപ 93 പൈസയുമായി ഉയർന്നു. പെട്രോളിന് 97രൂപ 13 പൈസയും ഡീസലിന് 92 രൂപ 47 പൈസയുമാണ് കോഴിക്കോട്ടെ വില.

പതിനാറ് ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇന്ധന വില വർദ്ധനവിന്റെ അനന്തരഫലമായി രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്. റീട്ടെയിൽ നാണ്യപ്പെരുപ്പം 6.3 ശതമാനമായി ഉയർന്നെന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഭക്ഷ്യ സാധനങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില കുതിച്ച് കയറുകയാണ്.

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 98 ശതമാനം ജില്ലകളിലും ലോക്ഡൗണിലായിരുന്നു. ഇത് വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതാണിപ്പോൾ പുതിയ രൂപത്തില്‍ ജനങ്ങളെ ബാധിക്കുന്നത്. മേയ് മാസത്തില്‍ 37.6 ശതമാനമാണ് ഇന്ധന വില കൂടിയത്. നിര്‍മ്മാണ ഉപകരണങ്ങളുടെ വില 10.8 ശതമാനം ഈ കാലയളവില്‍ കൂടി. ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വിലയിലും പത്ത് ശതമാനം വര്‍ധനവുണ്ടായി. 

മേയ് മാസത്തില്‍ മൊത്ത വില്പനയിലെ നാണ്യപ്പെരുപ്പം 12.94 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ -3.37 ശതമാനം കുറവായിരുന്നു ഇത്. ചില്ലറ വിപണിയെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. 

റീട്ടെയില്‍ പണപ്പെരുപ്പം കഴിഞ്ഞ മാസം 6.3 ശതമാനമാണ്. ഇത് ഏപ്രിലില്‍ 4.23 ശതമാനമായിരുന്നു. ഭക്ഷ്യ വില വര്‍ധനയില്‍ അഞ്ച് ശതമാനമാണ് വര്‍ധനവ് ഉണ്ടായത്. സർക്കാരും റിസർവ്വ് ബാങ്കും നാലു ശതമാനം എന്ന ലക്ഷ്യം വയ്ക്കുമ്പോഴാണ് ഈ കുതിച്ചു കയറ്റം. സെപ്റ്റംബര്‍ വരെ ഈ പ്രതിസന്ധി തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പെട്രോൾ, ഡീസൽ വില വര്‍ദ്ധനക്കെതിരെ സിപിഎമ്മിന്‍റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം കുറിക്കും. ജൂണ്‍ 30വരെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകൾക്ക് മുൻപിൽ ധര്‍ണ്ണയും ഉപരോധവും സംഘടിപ്പിക്കും. ഇന്ധന വില വര്‍ദ്ധനക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസും ആഹ്വാനം ചെയ്തിരുന്നു.
 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

 

 

click me!