ഇന്ധന വില ഇന്നും കൂട്ടി; ഒക്ടോബറില്‍ ഡീസലിന് മാത്രം കൂട്ടിയത് 9 രൂപ

By Web TeamFirst Published Oct 28, 2021, 7:03 AM IST
Highlights

ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി.
 

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില (Fuel price) ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ (Petrol price) 110.59, ഡീസല്‍ (Diesel) 104.35. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55 ഡീസല്‍ 102.40.

ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂടി. രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെത്തന്നെ 120 കടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 50 പൈസയാണ്.

ഇന്ധനവില വർദ്ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. മിനിമം ചാർജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വർദ്ധിപ്പിക്കണം.വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം. തുടർന്നുള്ള ചാർജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സർവീസ് നിർത്തിവയ്ക്കുന്നത്.

click me!