വാക്സീനെ ചൊല്ലി തർക്കം; പൈലറ്റുമാർ രണ്ട് ചേരിയിൽ; പൊല്ലാപ്പിലായത് വിമാനക്കമ്പനി, ഭീമമായ നഷ്ടം

By Web TeamFirst Published Oct 26, 2021, 12:52 PM IST
Highlights

സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് വാക്സീനെടുത്ത പൈലറ്റുമാർ വാക്സീനെടുക്കാത്തവർക്കൊപ്പം പറക്കില്ലെന്ന് നിലപാടെടുത്തത്

വാക്സീന്റെ (Covid Vaccine) പേരിൽ പൈലറ്റുമാർ (Pilots) രണ്ട് തട്ടിലായതോടെ പൊല്ലാപ്പിലായിരിക്കുകയാണ് വിമാനക്കമ്പനി. യുണൈറ്റഡ് എയർലൈൻസാണ് (United Airlines) പ്രതിസന്ധിയിലായത്. വാക്സീനെടുക്കാത്ത പൈലറ്റുമാർക്കൊപ്പം പറക്കില്ലെന്ന് വാക്സീനെടുത്ത പൈലറ്റുമാർ നിലപാടെടുത്തതോടെയാണിത്. വാക്സീനെടുക്കാത്ത പൈലറ്റുമാർക്ക് ഇതോടെ അവധി കൊടുക്കേണ്ട നിലയിലായി കമ്പനി. ഇതിനായി 30 ലക്ഷം ഡോളറാണ് കമ്പനി ഓരോ മാസവും ചെലവാക്കുന്നത്.

സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് വാക്സീനെടുത്ത പൈലറ്റുമാർ വാക്സീനെടുക്കാത്തവർക്കൊപ്പം പറക്കില്ലെന്ന് നിലപാടെടുത്തത്. ജീവനക്കാരുടെ വാക്സീനേഷനുമായി ബന്ധപ്പെട്ട് ടെക്സസ് ഫെഡറൽ കോടതിയിലെത്തിയ (Texas Federal Court) നിയമപോരാട്ടത്തിലാണ് കമ്പനി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

ആറ് ജീവനക്കാരാണ് കമ്പനിയുടെ നിർബന്ധിത വാക്സീനേഷൻ പോളിസി വിവേചനപരമാണെന്ന നിലപാടുമായി കോടതിയെ സമീപിച്ചത്. കേസിൽ കമ്പനി പരാജയപ്പെട്ടാലും ഇല്ലെങ്കിലും അവധിയിൽ പോകുന്നവർ വരുമെന്നാണ് വിമാനക്കമ്പനി പറയുന്നത്. 2020 സാമ്പത്തിക വർഷത്തിൽ 7.1 ബില്യൺ ഡോളറിന്റെ നഷ്ടമാണ് വിമാനക്കമ്പനിക്കുണ്ടായത്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവനക്കാർക്ക് ശമ്പളത്തോട് കൂടി അവധി നൽകുന്നത് വലിയ ബാധ്യതയൊന്നുമല്ലെന്നാണ് വാദം. എന്നാൽ വരുമാനം ഇടിഞ്ഞിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കമ്പനിയുടെ സാമ്പത്തികാഘാതം വർധിപ്പിക്കാനേ ഇതുപകരിക്കൂവെന്നും വാദമുണ്ട്.

click me!