
തിരുവനന്തപുരം: ലണ്ടനില്‍ പ്രവാസി ചിട്ടി അവതരിപ്പിക്കുന്ന ചടങ്ങില്‍ ബ്രിട്ടണിലെ ഇടത് നേതാവ് ജെര്‍മി കോര്‍ബിനെയും പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ നിക്കം. ബ്രിട്ടണിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാവാണ് ജെര്‍മി കോര്‍ബിന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് ജെര്‍മി കോര്‍ബിന് ക്ഷണം. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പ്രവാസി ചിട്ടി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
രണ്ടാഴ്ചത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖമന്ത്രി പിണറായി വിജയന്‍ മെയ് എട്ടാം തീയതിയാണ് കേരളത്തില്‍ നിന്നും യാത്ര തിരിക്കുക. ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചില്‍ മസാല ബോണ്ട് പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിലെ പ്രധാന പരിപാടി. ഇതോടൊപ്പം യൂറോപ്പില്‍ പ്രവാസി ചിട്ടി അവതരിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഈ ചടങ്ങില്‍ ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിനെ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് മിന്‍റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
മെയ് 17 നാണ് ലണ്ടന്‍ സ്റ്റോക്ക് എക്സചേഞ്ചിലെ മസാല ബോണ്ട് പ്രകാശനം ചെയ്യുന്ന ചടങ്ങ്. അന്ന് തന്നെ ഉച്ചയ്ക്ക് ശേഷമാണ് പ്രവാസി ചിട്ടി യൂറോപ്യന്‍ മേഖലയില്‍ അവതരിപ്പിക്കുന്ന ചടങ്ങ്. 'പ്രവാസി ചിട്ടി യൂറോപ്പില്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ കോര്‍ബിനെയും അതിഥിയായി എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതോടൊപ്പം ഫ്രഞ്ച് സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കറ്റിയെയും പങ്കെടുപ്പിക്കാനുളള ശ്രമങ്ങള്‍ നടന്ന് വരുകയാണ്.' ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഫ്രഞ്ച് ഇടതുപക്ഷ സാമ്പത്തിക വിദഗ്ധനാണ് തോമസ് പിക്കറ്റി.
കോര്‍ബിന്‍ പങ്കെടുത്താല്‍ രണ്ട് ഇടതുപക്ഷ നേതാക്കള്‍ തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് കൂടി ചടങ്ങ് വേദിയാകും. പൊതുവേ ഇന്ത്യന്‍ മുഖ്യമന്ത്രിമാര്‍ യൂറോപ്യന്‍ ഇടത് നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്താറില്ല. ഇന്ത്യയിലെ ഇടതുപക്ഷ മുഖ്യമന്ത്രിയും ബ്രിട്ടീഷ് ഇടതുപക്ഷ നേതാവും തമ്മിലുളള കൂടിക്കാഴ്ചയുണ്ടാകുമോ എന്നതിന് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.