അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു, സിബിഐ ലീഡിം​ഗ് ഏജൻസിയായി അന്വേഷണ സംഘം വേണം: പോപ്പുലർ ഫിനാൻസ് നിക്ഷേപകർ

By Anoop PillaiFirst Published Mar 25, 2021, 3:17 PM IST
Highlights

തട്ടിപ്പ് കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി രക്ഷപെടാൻ ശ്രമിക്കുകയാണെന്നും നിക്ഷേപകർ ആരോപിക്കുന്നു. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതുമൂലം തെളിവുകൾ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും നിക്ഷേപകർക്കുണ്ട്.

തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച് പോപ്പുലർ ഫിനാൻസ് നിക്ഷേപകരുടെ കൂട്ടായ്മ. പ്രതിഷേധത്തിന്റെ ഭാ​ഗമായി പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. 

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ത്വരിതപ്പെ‌ടുത്തി നിക്ഷേപകർക്ക് നിക്ഷേപത്തുക തിരികെ നൽകാനുളള നട‌പടികൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിക്കുന്നത്. ധർണയ്ക്കൊപ്പം നിക്ഷേപകർ പാളയം ജം​ഗ്ഷൻ മുതൽ സെക്രട്ടേറിയേറ്റ് വരെ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. 

പ്രതിഷേധ മാർച്ചിൽ ആയിരത്തോളം നിക്ഷേപകർ പങ്കെടുക്കുമെന്ന് പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി എസ് നായർ അറിയിച്ചു. തട്ടിപ്പ് കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി രക്ഷപെടാൻ ശ്രമിക്കുകയാണെന്നും നിക്ഷേപകർ ആരോപിക്കുന്നു. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതുമൂലം തെളിവുകൾ നശിപ്പിക്കപ്പെടുമോ എന്ന ആശങ്കയും നിക്ഷേപകർക്കുണ്ട്.

 

"സിബിഐ അന്വേഷണത്തിന്റെ പുരോ​ഗതിയെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ബഡ്സ് കോടതിക്ക് എല്ലാ നിക്ഷേപ പരാതികളെയും ഉൾക്കൊളളാനാകുമോ എന്നതിലും ഞങ്ങൾക്കിടയിൽ ആശങ്കയുണ്ട്. പ്രതികളുടെയും ഫിനാൻസിന്റെയും പേരിലുളള സ്വത്തുവകകൾ, വാഹനങ്ങൾ എന്നിവ നശിച്ചുപോകുകയാണ്. അവ കണ്ടുകെട്ടി ലേലം ചെയ്യാനുളള നടപടികളും നടക്കുന്നില്ല, " സി എസ് നായർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

പ്രതികളുടെ പേരിലുളള വിദേശ നിക്ഷേപങ്ങളും സ്വത്തുവകകളും കണ്ടെത്തണമെന്നും അതിനായി സിബിഐ ലീഡിം​ഗ് അന്വേഷണ ഏജൻസിയായി ഇഡി, എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റി​ഗേഷൻ ഓഫീസ്) അക്കമുളള ഏജൻസികളെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കണമെന്നും അസോസിയേഷൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു. 

ബിറ്റ്കോയിൻ അടക്കമുളള ക്രിപ്റ്റോകറൻസികളിൽ പ്രതികൾക്ക് നിക്ഷേപം ഉണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ അന്വേഷണത്തിന് കാലതാമസം നേരിട്ടാൽ തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടാത്ത അവസ്ഥയിൽ നഷ്‌ടപ്പെട്ടു പോയേക്കാം. ഇതിനാൽ എത്രയും പെട്ടെന്ന് വിഷയത്തിൽ ഫോറൻസിക് ഓഡിറ്റ് നടത്തണം. എന്നാൽ, ഈ ആവശ്യം ഇതുവരെ വേണ്ടവിധത്തിൽ പരി​ഗണിക്കപ്പെട്ടിട്ടില്ല. നിക്ഷേപകർ വലിയ മാനസിക സംഘർഷത്തിലാണെന്നും സി എസ് നായർ വ്യക്തമാക്കി. 

 

സെക്രട്ടേറിയേറ്റിന് മുന്നിലെ ധർണയും പ്രതിഷേധ മാർച്ചും സൂചനാ സമരങ്ങളാണെന്നും, നിക്ഷേപകരുടെ ആവശ്യങ്ങൾ പരി​ഗണിക്കാത്ത പക്ഷം കൂടുതൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും പോപ്പുലർ ഫിനാൻസ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.       
 

click me!