പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണം ഇഴയുന്നു, വിമർശനവുമായി ഹൈക്കോടതി

By Web TeamFirst Published Mar 14, 2021, 7:28 PM IST
Highlights

നവംബർ 23 നാണ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടത്.

കൊച്ചി: പോപ്പുലൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സിബിഐയുടെ അന്വേഷണം ഇഴയുകയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് സാക്ഷികളെ മാത്രമാണ് അന്വേഷണ ഏജൻസി ചോദ്യം ചെയ്തത്. 

രണ്ടാം പ്രതി പ്രഭ തോമസ്, നാലാം പ്രതി റീബ മേരി തോമസ്, അഞ്ചാം പ്രതി ഡോ. റിയ ആൻ തോമസ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സിബിഐ ഹർജി നൽകിയിരുന്നു. ഈ ആവശ്യം ജസ്റ്റിസ് പി സോമരാജൻ അം​ഗീകരിച്ചില്ല. ഫെബ്രുവരി 16 നാണ് എറണാകുളം അഡീഷണൽ ജില്ലാ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. 

നവംബർ 23 നാണ് തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടത്. മുപ്പതിനായിരത്തിലേറെ പേരു‌ടെ നിക്ഷേപമാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ നഷ്ടമായത്. 1,600 കോടി രൂപയാണ് തട്ടിപ്പിലൂടെ നിക്ഷേപകർക്ക് നഷ്ടമായത്. ആറ് മാസത്തോളം തടവിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്. 

അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചകളിലും ഹാജരാകണമെന്നും കൂടാതെ, ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുളള കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കുറ്റക‍ൃത്യത്തിന്റെ ​ഗൗരവം കണക്കിലെടുക്കണം. പല സംസ്ഥാനങ്ങളിലായി ഒട്ടേറെ ശാഖകളുളള പോപ്പുലർ ഫിനാൻസ് ഉടമകൾ വിവിധ ശാഖ മാനേജർമാരുമായും ജീവനക്കാരുമായും സമ്പർക്കം പുലർത്താൻ സാധ്യതയുണ്ട്. ഇത്തരത്തിലുളള പ്രതികളുടെ നീക്കങ്ങൾ പരിശോധിക്കാനാകില്ലെന്നും സിബിഐ ഹൈക്കോടതിയിൽ പ്രതികളുടെ ജാമ്യത്തെ എതിർത്ത് വ്യക്തമാക്കി.     
 

click me!