ചിട്ടയോടെ നിക്ഷേപിക്കാമോ? കോടികൾ കയ്യിലെത്തുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയിതാ

By Web TeamFirst Published Mar 20, 2023, 4:04 PM IST
Highlights

കേന്ദ്രസർക്കാർ  പദ്ധതിയായതിനാൽ പദ്ധതിയുടെ സുരക്ഷയെപ്പറ്റിയും ആശങ്കവേണ്ട. മാന്യമായ റിട്ടേൺ, ആകർഷകമായ പലിശനിരക്ക്, നികുതി ഇളവുകൾ ലഭിക്കും  തുടങ്ങിയ പ്രത്യേകത

ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങൾ പലതാണ്. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം,വീട് നിർമ്മാണം, വാഹനം പോലുള്ള ലക്ഷ്യങ്ങളിലേക്ക് വലിയൊരു തുക തന്നെ ആവശ്യമായി വരും.ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ഏറ്റവും മികച്ച രീതിയിൽ കരുതിവയ്ക്കാൻ കഴിയുന്ന സമ്പാദ്യപദ്ധതിയാണ് പബ്‌ളിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. കേന്ദ്രസർക്കാർ  പദ്ധതിയായതിനാൽ പദ്ധതിയുടെ സുരക്ഷയെപ്പറ്റിയും ആശങ്കവേണ്ട. മാന്യമായ റിട്ടേൺ, ആകർഷകമായ പലിശനിരക്ക്, നികുതി ഇളവുകൾ ലഭിക്കും  തുടങ്ങിയപ്രത്യേകതകൾ ഉള്ളതിനാൽത്തന്നെ ഇത് കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതികളിലൊന്നാണ്.

പിപിഎഫിൽ അംഗമാകുന്നതുകൊണ്ടുള്ള നേട്ടങ്ങൾ

ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി  മികച്ച രീതിയിൽ കരുതിവയ്ക്കാൻ കഴിയുന്ന നിക്ഷേപപദ്ധതിയാണ് പിപിഎഫ്. നൂറ് രൂപ കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് നിക്ഷേപം തുടങ്ങാവുന്നതാണ്. നിങ്ങൾക്ക് നിലവിൽ വലിയ തുക നിക്ഷേപിക്കാൻ സാധിക്കുന്നില്ലെങ്കിൽ 1000 രൂപയിൽ താഴെയുള്ള പദ്ധതികളിൽ നിക്ഷേപം ആരംഭിക്കാം. ശമ്പളം കൂടുമ്പോൾ, അതിനനുസരിച്ച് നിക്ഷേപ തുകയിലും മാറ്റം വരു്ത്താം.
ഓരോ സാമ്പത്തിക വർഷവും കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. പരമാവധി തുക രൂപ 1.5 ലക്ഷം രൂപയാണ് ഒരു സാമ്പത്തിക വർഷത്തിൽ പിപിഎഫിൽ നിക്ഷേപിക്കാവുന്ന തുക. ഒറ്റത്തവണയായോ 12 മാസ തവണകളായോ പിപിഎഫിൽ നിക്ഷേപിക്കാം.

ALSO READ: ഒടുവിൽ തീരുമാനമായി, ബിസ്ലേരിയെ നയിക്കുക ജയന്തി ചൗഹാൻ

ഇന്ത്യൻ പൗരനായ ആർക്കും പിപിഎഫ് അക്കൗണ്ട് തുറക്കാവുന്നതാണ്.. ശമ്പളം വാങ്ങുന്ന തൊഴിലാളികൾ, ബിസിനസ്സുകാർ തുടങ്ങി ഏതൊരാൾക്കും അംഗീകൃത ബാങ്കുകളോ, പോസ്റ്റ് ഓഫീസോ മുഖേന അക്കൗണ്ട് തുറക്കാം. നിലവിൽ സ്വകാര്യ ബാങ്കുകളും ഈ ഓപ്ഷൻ നൽകുന്നുണ്ട്.അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വാർദ്ധക്യത്തിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ 1968 ൽ തുടങ്ങിയ സ്ഥിരവരുമാന സുരക്ഷാ പദ്ധതിയാണ് പിപിഎഫ്.

മികച്ച പലിശ നിരക്കും, നികുതി ഇളവുമാണ് പദ്ധതിയുടെ പ്രധാന ആകർഷണം. പിപിഎഫിന്റെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദങ്ങളിലും പലിശ നിരക്ക് പുതുക്കും. ജനുവരി- മാർച്ച് പാദത്തിൽ 7.1 ശതമാനമാണ് പിപിഎഫ് പലിശ നിരക്ക് .പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിൽ, നിക്ഷേപിക്കുന്ന തുക ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം പൂർണമായും നികുതി ഇളവ് ലഭിക്കുന്നതാണ്. അതായത് ഈ നിക്ഷേപത്തിൽ നിന്നുള്ള നിങ്ങളുടെ വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടതില്ല. ഉയർന്ന പലിശ നിരക്കും ട്രിപ്പിൾ നികുതി ആനുകൂല്യങ്ങളും പിപിഎഫ് നിക്ഷേപകരെ ആകർഷിക്കുന്ന മറ്റ് ഘടകങ്ങളാണ്. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് പിപിഎഫിന് ഉണ്ട്. എങ്കിലും ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ലോണുകൾ ലഭിക്കുകയും ഭാഗികമായി തുക പിൻവലിക്കാനും സാധിക്കും.

ALSO READ: 'ശത്രു സ്വത്തുക്കൾ' വിറ്റ് ധനസമാഹരണം; ഒരു ലക്ഷം കോടി രൂപയുടെ വസ്തുവകകൾ ലേലം ചെയ്യാൻ ഒരുങ്ങി കേന്ദ്രം

കോടികൾ നേടാൻ നേരത്തെ തുടങ്ങാം

നിങ്ങൾ വരുമാനമുള്ള വ്യക്തിയാണെങ്കിൽ എത്രയും നേരത്തെ നിക്ഷേപം തുടങ്ങുന്നത് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുക തന്നെ ചെയ്യും. കുറഞ്ഞത് 30 ആം വയസ്സിൽ നിക്ഷേപം തുടങ്ങുന്നൊരാൾ 15 വർഷ കാലാവധിക്ക് ശേഷം, കാലാവധി മൂന്ന് തവണകളായി നീട്ടി നിക്ഷേപം 30 വർഷമാക്കുക.ഓരോ വർഷവും1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ,  30 വർഷം കൊണ്ട് നിലവിലെ പലിശ നിരക്കിൽ കാലാവധിയിൽ 1,54,50,911 രൂപ ലഭിക്കും. 30 വർഷം കൊണ്ട് പ്രതിവർഷ അടവിലൂടെ (1.50) 45 ലക്ഷം നിക്ഷേപിച്ചാൽ പലിശ സഹിതം കാലാവധിയിൽ 1.54 കോടി രൂപ കയ്യിലെത്തുമെന്ന ചുരുക്കം.

ALSO READ: പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

click me!