പേയ്‌മെന്റ് അഗ്രഗേറ്റർ ലൈസൻസിനായി വീണ്ടും അപേക്ഷിക്കണം; പേടിഎമ്മിനോട് ആവശ്യപ്പെട്ട് ആർബിഐ

By Web TeamFirst Published Nov 26, 2022, 1:03 PM IST
Highlights

പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിനോട് ആർബിഐ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

ദില്ലി: പേടിഎം പേയ്‌മെന്റ് സേവനങ്ങൾ വഴിയുള്ള ഓൺലൈൻ വ്യാപാരികളുടെ ഓൺബോർഡിംഗ് താത്കാലികമായി നിർത്തിവെച്ച് ആർബിഐ. പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിനോട് ആർബിഐ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ആർബിഐയുടെ അനുമതി ലഭിക്കുന്നത് വരെ കമ്പനി പുതിയ ഓൺലൈൻ വ്യാപാരികളെ ഉൾപ്പെടുത്തില്ല. 

വൺ97 കമ്മ്യൂണിക്കേഷൻസ് (ഒസിഎൽ) ബ്രാൻഡിന്റെ ഉടമസ്ഥതിയിലാണ് പേടിഎം. 2020 ഡിസംബറിൽ പേയ്‌മെന്റ് അഗ്രഗേറ്റർ സേവന ബിസിനസ്സ് പേയ്‌മെന്റ് അഗ്രഗേറ്റർ (പി‌പി‌എസ്‌എൽ) ലേക്ക് കൈമാറാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ ആർബിഐഅപേക്ഷ നിരസിച്ചിരുന്നു. 2021 സെപ്റ്റംബറിൽ കമ്പനി ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിച്ചിരുന്നു. എന്നാൽ ആർബിഐയുടെ നിർദേശം അനുസരിച്ച് കമ്പനി അപേക്ഷ വീണ്ടും സമർപ്പിക്കണം. 120 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ അപേക്ഷ വീണ്ടും സമർപ്പിക്കും. 

അതേസമയം, കമ്പനിക്ക് പുതിയ ഓഫ്‌ലൈൻ വ്യാപാരികളെ ഉൾപ്പെടുത്തുന്നത് തുടരാമെന്നും അവർക്ക് ഓൾ-ഇൻ-വൺ ക്യുആർ, സൗണ്ട്‌ബോക്‌സ്, കാർഡ് മെഷീനുകൾ മുതലായവ ഉൾപ്പെടെയുള്ള പേയ്‌മെന്റ് സേവനങ്ങൾ നൽകാമെന്നും പേടിഎം പറഞ്ഞു. ആവശ്യമായ അനുമതികൾ സമയബന്ധിതമായി ലഭിക്കുമെന്നും അപേക്ഷ വീണ്ടും സമർപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 

അതേസമയം, മറ്റ് മൂന്നാം കക്ഷി യുപിഐ ആപ്പുകൾ ഉള്ള മൊബൈലുകളിലേക്ക് ഇപ്പോൾ പേടിഎമ്മിൽ നിന്നും പേയ്‌മെന്റുകൾ നടത്താം എന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് അറിയിച്ചു. പേടിഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, ഉപയോക്താക്കൾക്ക് ഇപ്പോൾ എല്ലാ യുപിഐ പേയ്‌മെന്റ് ആപ്പുകളിലുമുള്ള മൊബൈൽ നമ്പറുകളിലേക്കും പേയ്‌മെന്റുകൾ നടത്താനാകും.

പുതിയ തീരുമാനത്തോടെ പേടിഎം ആപ്പ് ഉപയോക്താക്കൾക്ക് സേവന ദാതാവ് ആരാണെന്നത് പരിഗണിക്കാതെ തന്നെ രജിസ്റ്റർ ചെയ്ത യുപിഐ ഐഡിയുള്ള ഏത് മൊബൈൽ നമ്പറിലേക്കും തൽക്ഷണം പണം അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എല്ലാ പേയ്‌മെന്റ് സേവന ദാതാക്കളെയും അതിന്റെ യൂണിവേഴ്‌സൽ ഡാറ്റാബേസ് ആക്‌സസ് ചെയ്യാനും യുപിഐ പേയ്‌മെന്റുകൾ  പ്രവർത്തനക്ഷമമാക്കാനും പ്രാപ്‌തമാക്കിയിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

click me!