പണം പിന്‍വലിക്കലല്ലാതെ മറ്റൊന്നും എടിഎം ഇടപാടായി പരിഗണിക്കരുത്; ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം

By Web TeamFirst Published Aug 15, 2019, 6:21 PM IST
Highlights

റിസര്‍വ് ബാങ്ക് അറിയിപ്പ് വന്നതോടെ ബാലന്‍സ് പരിശോധനയുള്‍പ്പെടെയുള്ള മറ്റ് ഇടപാടുകള്‍ക്ക് ഇനിമേല്‍ ബാങ്കുകള്‍ക്ക് ചാര്‍ജ് ഈടാക്കാനാകില്ല. 

മുംബൈ: എടിഎമ്മുകളില്‍നിന്ന് പണം പിന്‍വലിക്കലൊഴിച്ച് മറ്റെല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് അറിയിപ്പ്. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് അറിയിപ്പ് പുറത്തിറക്കിയത്.  നേരത്തെ, പണം ലഭിച്ചില്ലെങ്കില്‍ പോലും ഇടപാടായി കണക്കാക്കി ഉപഭോക്താക്കളില്‍നിന്ന് പിഴയീടാക്കിയിരുന്നു. റിസര്‍വ് ബാങ്ക് അറിയിപ്പ് വന്നതോടെ ബാലന്‍സ് പരിശോധനയുള്‍പ്പെടെയുള്ള മറ്റ് ഇടപാടുകള്‍ക്ക് ഇനിമേല്‍ ബാങ്കുകള്‍ക്ക് ചാര്‍ജ് ഈടാക്കാനാകില്ല.

പണം പിന്‍വലിക്കുന്നതടക്കം എല്ലാ സേവനങ്ങള്‍ക്കും നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ള എടിഎം ഇടപാടുകളായി കണക്കാക്കി ചാര്‍ജ് ഈടാക്കിയിരുന്നു. എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ഇടപാടായി ഇനിമുതല്‍ കണക്കാക്കില്ല. ബാലന്‍സ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കല്‍, നികുതിയടക്കല്‍, പണം കൈമാറല്‍ തുടങ്ങിയവയെല്ലാം സൗജന്യമായിരിക്കും. സാങ്കേതിക തകരാറുകള്‍ മൂലം എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വന്നാല്‍ അത് ഇടപാടായി പരിഗണിക്കില്ലെന്നും റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു.

മെഷീനില്‍ പണമില്ലാതെ വന്നാലും അത് ഇടപാടല്ല. മുന്‍പ് ഇത് ഇടപാടായി പരിഗണിച്ചിരുന്നു. നേരത്തെ എടിഎം ഇടപാടുകള്‍ സൗജന്യമായിരുന്നുവെങ്കില്‍ പിന്നീട് നിശ്ചിത എണ്ണമാക്കി നിജപ്പെടുത്തി കൂടുതല്‍ എടിഎം ഇടപാടുകള്‍ക്ക് പിഴയീടാക്കുകയും ചെയ്തു. സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മാസത്തില്‍ എട്ടുതവണയായും  നഗരങ്ങളില്‍ 10 തവണയായുമാണ് നിയന്ത്രിച്ചിരുന്നത്.

അഞ്ച് തവണ സ്വന്തം ബാങ്കുകളുടെ എടിഎമ്മില്‍നിന്നും ബാക്കി ഇതര ബാങ്കുകളുടെ എടിഎമ്മുകളിലുമാണ് സൗജന്യം. പണം പിന്‍വലിക്കലിന് പുറമെയുള്ള എല്ലാ സേവനങ്ങളും ഇടപാടായി കണക്കാക്കിയിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇതുവഴി ബാങ്കുകള്‍ക്ക് പിഴയായി ലഭിച്ചിരുന്നത്. 

click me!