
റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ധനനയ അവലോകന യോഗത്തിന്റെ തീരുമാനങ്ങള്‍ ബുധനാഴ്ച പുറത്തുവരുമ്പോള്‍ എല്ലാവരും ആകാംക്ഷയിലാണ്. റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ദ്ധരുടെയും അഭിപ്രായമെങ്കിലും, അപ്രതീക്ഷിതമായി ഒരു 'സര്‍പ്രൈസ്' നിരക്ക് കുറയ്ക്കലിന് സാധ്യത തള്ളിക്കളയാനാവില്ലെന്നും ചില സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനുമേലുള്ള സമ്മര്‍ദ്ദങ്ങളും, പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യവുമാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധര്‍ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയായി കണക്കാക്കുന്നത്. സിറ്റി , ബാര്‍ക്ലെയ്സ് , ക്യാപിറ്റല്‍ ഇക്കണോമിക്‌സ് , എസ്.ബി.ഐ. തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ ഈ സാധ്യത മുന്നോട്ട് വെക്കുന്നു. ഈ വര്‍ഷം ഇത് വരെ 100 ബേസിസ് പോയിന്റിന്റെ കുറവ് ആര്‍.ബി.ഐ. വരുത്തിയെങ്കിലും സ്വകാര്യ നിക്ഷേപം ഇപ്പോഴും ദുര്‍ബലമായി തുടരുകയാണ്. അമേരിക്കയുടെ താരിഫും, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുറയുന്നതും വളര്‍ച്ചാ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് ആര്‍ബിഐ പരിഗണിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആര്‍.ബി.ഐ.യുടെ ലക്ഷ്യമായ 4%-ല്‍ താഴെയാണ് പണപ്പെരുപ്പം. ജി.എസ്.ടി. നിരക്കുകള്‍ കുറച്ചത് പണപ്പെരുപ്പം ഇനിയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അതേ സമയം റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് സാമ്പത്തിക വിദഗ്ദ്ധരും റിപ്പോ നിരക്ക് 5.50%-ല്‍ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുകയാണെങ്കില്‍, ഡിസംബര്‍ വരെ കാത്തിരിക്കാനാണ് ആര്‍.ബി.ഐ. താല്‍പര്യപ്പെടുകയെന്നും ഒരു വിഭാഗം വിദഗ്ദ്ധര്‍ പറയുന്നു. എങ്കിലും, യു.എസ്. തീരുവകളില്‍ നിന്നുള്ള ആഘാതവും പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്ന സാഹചര്യവും ആര്‍.ബി.ഐ.ക്ക് ഈ മാസം തന്നെ ഇളവ് നല്‍കാനുള്ള അവസരമൊരുക്കുന്നുവെന്ന് ക്യാപിറ്റല്‍ ഇക്കണോമിക്‌സ് പറയുന്നു. അപ്രതീക്ഷിതമായി നിരക്ക് കുറച്ചാല്‍ വിപണിയില്‍ മുന്നേറ്റമുണ്ടായേക്കാം.