
വെള്ളിത്തിരയില്‍ തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായി ആരാധകരെ ത്രസിപ്പിച്ച 'തല' അജിത്ത് കുമാര്‍ എന്ന നടനെ നമുക്കെല്ലാം അറിയാം. എന്നാല്‍, കൈയ്കളില്‍ സ്റ്റിയറിംഗ് വീലുമായി, മോട്ടോര്‍സ്പോര്‍ട്ടിന്റെ ട്രാക്കുകളില്‍ വേഗതയുടെ അതിര്‍വരമ്പുകള്‍ തേടുന്ന ഒരു പ്രൊഫഷണല്‍ റേസര്‍ കൂടിയാണ് അദ്ദേഹം. സിനിമയുടെ തിരക്കുകള്‍ക്കിടയിലും തന്റെ 'പാഷന്‍' ആയ റേസിംഗിനായി അദ്ദേഹം മാറ്റിവെക്കുന്ന സമയം, വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധത്തിന്റെയും അച്ചടക്കത്തിന്റെയും നേര്‍ചിത്രമാണ്. ഇപ്പോഴിതാ അജിത്തിന്റെ 'അജിത്ത് കുമാര്‍ റേസിംഗ്' എന്ന ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ലോക കോടീശ്വരന്‍ മുകേഷ് അംബാനിയുടെ കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആണ്, അജിത്ത് കുമാര്‍ റേസിംഗിനോട് സഹകരിക്കുന്നത്. കമ്പനിയുടെ ഉടമസ്ഥതതയിലുള്ള ശീതളപാനീയ ബ്രാന്റായ 'കാംപാ എനര്‍ജി' 'അജിത്ത് കുമാര്‍ റേസിംഗ്' ടീമിന്റെ ഔദ്യോഗിക പങ്കാളിയാകും.
കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച അജിത്ത് കുമാര്‍ റേസിംഗ്, ചുരുങ്ങിയ കാലയളവിനുള്ളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. 2025-ലെ ക്രവെന്റിക് 24എച്ച് യൂറോപ്യന്‍ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ആഗോള മോട്ടോര്‍സ്പോര്‍ട്ട് ഭൂപടത്തില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായകമായി. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ഉന്നതമായ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ആഗോളതലത്തില്‍ ടീമിന്റെ വിപുലീകരണത്തിനും ഈ പങ്കാളിത്തം അജിത്ത് കുമാര്‍ റേസിംഗിന് സഹായകരകമാകും
1970-80 കാലഘട്ടത്തില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടേസ്റ്റ എന്ന ടാഗ് ലൈനോടെ ഇന്ത്യയില്‍ തംരംഗമായ ബ്രാന്‍ഡാണ് കാംപ. 1970 ല്‍ ആരംഭിച്ച കാംപ കോള 1990-കളുടെ അവസാനത്തിലുണ്ടായ കൊക്കകോള, പെപ്‌സികോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കടന്നുവരവോടെ പ്രതിസന്ധിയിലായി, 2000 ആയപ്പോഴേക്കും ഡല്‍ഹിയിലെ ബോട്ടിലിംഗ് പ്ലാന്റുകള്‍ കമ്പനി അടച്ചുപൂട്ടി, താമസിയാതെ, കടകളില്‍ നിന്നും സ്റ്റാളുകളില്‍ നിന്നും പാനീയം അപ്രത്യക്ഷമായി. 2022ല്‍ ആണ് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പ്യുവര്‍ ഡ്രിങ്ക്‌സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപയ്ക്ക് റിലയന്‍സ് കാംപ വാങ്ങുന്നത്