
മുംബൈ: റിലയൻസ് ഇന്റസ്ട്രീസിൽ നിന്ന് ഫിനാൻഷ്യൽ സർവീസ് കമ്പനിയെ വേർപെടുത്തി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തങ്ങളുടെ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിനെ, ജിയോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റുമെന്നും കമ്പനിയെ റിലയൻസ് ഇന്റസ്ട്രീസിൽ നിന്ന് വേർപെടുത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നും അംബാനി പറഞ്ഞു. അതേസമയം, റിലയൻസ് ഇന്റ്സ്ട്രീസിന്റെ നിലവിലെ ഓഹരി ഉടമകൾക്ക് പുതിയ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ ഇതിൽ ഓഹരി വിഹിതം ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.
ഇൻഷുറൻസ്, അസറ്റ് മാനേജ്മെന്റ്, ഡിജിറ്റൽ ബ്രോക്കിങ് രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ഫിനാൻഷ്യൽ സർവീസ് കമ്പനിയെ റിലയൻസ് ഇന്റസ്ട്രീസിൽ നിന്നും വേർപെടുത്തുന്നതിന്റെ പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ റിലയൻസ് ഇന്റസ്ട്രീസ് ഡയറക്ടർ ബോർഡ് യോഗത്തിൽ കൈക്കൊണ്ടതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോൾ റിലയൻസ് ഇന്റസ്ട്രീസിന് കീഴിൽ പ്രവർത്തിക്കുന്ന റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന കമ്പനിയെ പുനർ നാമകരണം ചെയ്താണ് ജിയോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കുന്നത്.
എന്നാൽ നിലവിലെ ഓഹരി ഉടമകൾ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നിലവിൽ റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിൽ പത്ത് രൂപയുടെ ഫുള്ളി പെയ്ഡ് അപ്പ് ഇക്വിറ്റി ഓഹരികൾ കൈവശം വെച്ചവർക്ക് ജിയോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു ഓഹരി ലഭിക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള അനുമതികളെല്ലാം കമ്പനിക്ക് ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട് എന്നാണ് റിലയൻസ് ഇന്റസ്ട്രീസ് വ്യക്തമാക്കുന്നത്.