വിമാനത്താവളം സ്വകാര്യവത്കരണം; മാനദണ്ഡങ്ങൾ ധനമന്ത്രാലയത്തിന്‍റെ നിർദേശം മറികടന്ന്?

Published : Jul 28, 2019, 12:42 PM ISTUpdated : Jul 28, 2019, 01:44 PM IST
വിമാനത്താവളം സ്വകാര്യവത്കരണം; മാനദണ്ഡങ്ങൾ  ധനമന്ത്രാലയത്തിന്‍റെ നിർദേശം മറികടന്ന്?

Synopsis

വിമാനത്താവള നടത്തിപ്പിൽ മുൻ പരിചയം വേണമെന്നത് ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ  മറികടന്നതോടെയാണ് അദാനി ഗ്രൂപ്പിന് ലേലത്തിൽ പങ്കെടുക്കാനായത്.

ദില്ലി: തിരുവനന്തപുരം ഉൾപ്പടെയുള്ള ആറ് വിമാനത്താവളങ്ങളെ  സ്വകാര്യവൽക്കരിക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചത് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെയും നീതി ആയോഗിന്‍റെയും നിർദേശം മറികടന്നാണെന്ന് റിപ്പോർട്ട്. വിമാനത്താവള നടത്തിപ്പിൽ മുൻ പരിചയം വേണമെന്നത് ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ  മറികടന്നതോടെയാണ് അദാനി ഗ്രൂപ്പിന് ലേലത്തിൽ പങ്കെടുക്കാനായത്. 

2018ലാണ് എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കാൻ നീക്കം തുടങ്ങിയത്.  അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗുവാഹത്തി, തിരുവന്തപുരം, മംഗലാപുരം എന്നീ വിമാനത്താവളങ്ങൾക്കായി ടെൻഡർ ക്ഷണിച്ചു. ഡിസംബര്‍ 14ന് നടന്ന ലേലത്തിൽ ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പിന് അദാനി ഗ്രൂപ്പ് ഏറ്റവും കൂടുതൽ തുക മുന്നോട്ടു വച്ചു. പത്തു കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്. 

എന്നാല്‍, നീതി ആയോഗും ധനമന്ത്രാലയവും മുന്നോട്ടു വച്ച മാനദണ്ഡം മറികടന്നായിരുന്നു ലേലം എന്ന് ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു. രണ്ട് വിമാനത്താവളങ്ങളെ ഒരു സ്വകാര്യ കമ്പനിക്ക് നൽകാവൂ, വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിക്ക് മുൻ പരിചയം വേണം എന്നീ നിർദേശങ്ങളായിരുന്നു ധനമന്ത്രാലയവും നീതി ആയോഗും നല്‍കിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതികൾ പരിശോധിക്കുന്ന സമിതി, നിർദ്ദേശം മറികടന്ന് ലേലത്തിനുള്ള മാനദണ്ഡം നിശ്ചയിക്കുകയായിരുന്നു എന്നും റിപ്പോർട്ടു പറയുന്നു.  

അദാനി ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു കേന്ദ്ര നീക്കമെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ആരോപിച്ചു. എന്നാൽ കൂടുതൽ കമ്പനികളെ പങ്കെടുപ്പിക്കാൻ ലക്ഷ്യം വച്ചുള്ള മാനദണ്ഡമാണ് തയ്യാറാക്കിയതെന്നാണ്  കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാർഗിനെ സ്ഥലംമാറ്റിയതിനെ ചൊല്ലിയുള്ള വിവാദം തുടരുമ്പോഴാണ് ധനമന്ത്രാലയനിർദ്ദേശം കേന്ദ്രം തള്ളിയെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 

PREV
click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ
അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ