
പേടിഎം പേയ്‌മെന്റ് ബാങ്കിംഗിന് (Paytm Payment Banking) പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) നിയന്ത്രണം. പേടിഎമ്മിൽ നിരീക്ഷിച്ച ചില സൂപ്പർവൈസറി ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർബിഐ (RBI) പ്രസ്താവനയിൽ പറഞ്ഞു. ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താൻ ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.
ഐടി ഓഡിറ്റർമാരുടെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം പുതിയ ഉപഭോക്താക്കൾക്ക് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന് അനുമതി നൽകണമോയെന്ന കാര്യം ആർബിഐ പരിഗണിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ 35 എ വകുപ്പ് പ്രകാരമാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരായ നടപടി.
ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35 എ
ഏതെങ്കിലും ബാങ്കിംഗ് കമ്പനിയുടെ പ്രവർത്തനങ്ങൾ ബാങ്ക് നിക്ഷേപകരുടെ താൽപ്പര്യത്തിന് നിരക്കാത്തതോ മുൻവിധി ഉണ്ടാക്കുന്നതോ ആയ രീതിയിൽ നടത്തുന്നത് തടയാനുള്ള നടപടികൾ ആരംഭിക്കാൻ ഈ നിയമം ആർബിഐക്ക് അധികാരം നൽകുന്നു. ബാങ്കിംഗ് കമ്പനിക്കുള്ളിൽ അധികാരവും നിയന്ത്രണം ഉറപ്പാക്കാൻ ആർബിഐ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നിയമത്തിന് കീഴിലുള്ള നിയന്ത്രണം ഉപയോഗപ്പെടുത്താവുന്നതാണ്.