മുകേഷ് അംബാനിക്ക് വമ്പൻ നേട്ടം; ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ

By Web TeamFirst Published Jan 20, 2023, 2:23 PM IST
Highlights

മുകേഷ് അംബാനിയുടെ നേട്ടങ്ങളിൽ പുതിയ പൊൻ തൂവൽ. ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുകേഷ് അംബാനി
 

ദില്ലി: ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ വംശജരായ സിഇഒമാരിൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ മുകേഷ്  അംബാനി  പിന്തള്ളി. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ബയോളജി, ക്ലൈമറ്റ് സയൻസസ്, ഓട്ടോണമസ് വെഹിക്കിൾസ്, റോബോട്ടിക്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പ്യൂട്ടിംഗിന്റെ അടുത്ത യുഗത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റത്തിന് മേൽനോട്ടം വഹിച്ച ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടികയിൽ എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് ഒന്നാമതെത്തി.
 
ആഡംബര ഫാഷൻ ബ്രാൻഡായ ചാനലിന്റെ മേധാവി ലീന നായരാണ് ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ സിഇഒ.  സത്യ നാദെല്ല, സുന്ദർ പിച്ചൈ, പുനിത് റെൻജെൻ, ശന്തനു നാരായൺ, എൻ ചന്ദ്രശേഖരൻ, പിയൂഷ് ഗുപ്ത എന്നിവർ ആദ്യ പത്തിൽ ഇടംപിടിച്ചു. വ്യാഴാഴ്ച രാത്രി സ്ഥാനമൊഴിഞ്ഞ നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹേസ്റ്റിംഗ്സ് 17-ാം സ്ഥാനത്താണ്. ആനന്ദ് മഹീന്ദ്ര 23-ാം സ്ഥാനത്തും എയർടെല്ലിന്റെ സുനിൽ മിത്തൽ 26-ാം സ്ഥാനത്തുമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഇഒ ദിനേശ് കുമാർ ഖാര 48-ാം സ്ഥാനത്താണ്.

റിലയൻസിന്റെ ഗ്രീൻ എനർജിയിലേക്കുള്ള മാറ്റത്തിനും ടെലികോം, റീട്ടെയിൽ ശാഖകളുടെ വൈവിധ്യവൽക്കരണത്തിനും അംബാനി മേൽനോട്ടം വഹിക്കുന്നതായി ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് പറയുന്നു. 

മികച്ച 10 സിഇഒമാരിൽ പകുതിയും അല്ലെങ്കിൽ തത്തുല്യരും ടെക്, മീഡിയ മേഖലകളിൽ നിന്നുള്ളവരാണ്. പട്ടികയിലെ ആദ്യ നൂറിൽ ഇടം പിടിച്ചവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് യുഎസിൽ നിന്നാണ്. തൊട്ടു പിന്നാലെ ചൈനയിൽ നിന്നുള്ളവരാന് പട്ടികയിലുള്ളത്. 

click me!