റഷ്യയിലെ വമ്പന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും എതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപരോധം കടുപ്പിച്ചതോടെ റഷ്യയില്‍ നിന്നുള്ള എണ്ണവരവ് കുറഞ്ഞേക്കാമെങ്കിലും, ഇത് താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഉപരോധമില്ലാത്ത ചെറിയ കമ്പനികളെയും ഇടനിലക്കാരെയും ഉപയോഗിച്ച് റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനാണ് ഇന്ത്യന്‍ റിഫൈനറികളുടെ തീരുമാനം.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ച് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ 25 ശതമാനം റഷ്യന്‍ എണ്ണ ഇറക്കുമതിക്കുള്ള 'പിഴ'യാണെന്നാണ് യുഎസിന്റെ വിശദീകരണം. ഉപരോധം വരുന്നതിന് തൊട്ടുമുമ്പ്, നവംബറില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന ഇറക്കുമതിയായിരുന്നു ഇത്. ഉപരോധം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് പരമാവധി എണ്ണ സംഭരിക്കാനായിരുന്നു കമ്പനികളുടെ ശ്രമം. അതേ സമയം റിലയന്‍സ്, എച്ച്പിസിഎല്‍ തുടങ്ങിയ കമ്പനികള്‍ താല്‍ക്കാലികമായി റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍, റോസ്നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനര്‍ജി ഇറക്കുമതി തുടരുകയാണ്.
ഉപരോധം മറികടക്കാന്‍ പരോക്ഷമായ വഴികളാണ് ഇന്ത്യ തേടുന്നത്. 'കെപ്ലര്‍' എന്ന അനലിറ്റിക്‌സ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉപരോധ പട്ടികയില്‍ ഇല്ലാത്ത റഷ്യന്‍ ഏജന്‍സികള്‍ വഴിയും (ഉദാഹരണത്തിന് ടാറ്റ്‌നെഫ്റ്റ്), മറ്റ് ഇടനിലക്കാര്‍ വഴിയും എണ്ണ വാങ്ങാനായിരിക്കും ഇന്ത്യ ശ്രമിക്കുക. മുംബൈ തീരത്തിന് സമീപം വെച്ച് കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് എണ്ണ മാറ്റുന്ന രീതിയും, യാത്രാമധ്യേ റൂട്ട് മാറ്റുന്ന തന്ത്രങ്ങളും ഉപയോഗിച്ചേക്കാം.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന റഷ്യന്‍ എണ്ണ ഉപേക്ഷിക്കാന്‍ ഇന്ത്യ തയ്യാറല്ല. ആഗോള വിപണിയിലെ മറ്റ് എണ്ണകളെ അപേക്ഷിച്ച് റഷ്യന്‍ എണ്ണ ലാഭകരമാണ്. റഷ്യന്‍ എണ്ണയ്ക്ക് ബദലായി അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഇത് റെക്കോര്‍ഡ് നിലവാരത്തിലെത്തിയിരുന്നു. എന്നാല്‍, അമേരിക്കയില്‍ നിന്നുള്ള കപ്പല്‍ക്കൂലി കൂടുതലായതും യാത്രയ്ക്ക് 45-55 ദിവസം വേണ്ടിവരുന്നതും വലിയ തടസ്സമാണ്. അതിനാല്‍ പൂര്‍ണമായും അമേരിക്കയെ ആശ്രയിക്കുന്നത് സാമ്പത്തികമായി ലാഭകരമല്ല.