ഹോം ലോൺ പലിശ നിരക്കുകൾക്ക് കിഴിവുമായി എസ്ബിഐ; എത്ര രൂപ ലാഭിക്കാം?

By Web TeamFirst Published Jan 30, 2023, 3:54 PM IST
Highlights

ഇഎംഐ ഭാരം കുറഞ്ഞേക്കും. ഭവന വായ്പ പലിശ നിരക്കുകൾക്ക് കിഴിവ് നല്കാൻ എസ്ബിഐ. അവധിക്കാല ഓഫറിന് ശേഷം പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ബാങ്ക്

ദില്ലി: പൊതുമേഖലയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അവധിക്കാല ഓഫറിന് ശേഷം "കാമ്പെയ്ൻ നിരക്കുകൾ" എന്ന പേരിൽ ഒരു പുതിയ ഓഫർ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഭവനവായ്പ പലിശ നിരക്ക് 30 മുതൽ 40 ബേസിസ് പോയിന്റുകൾ വരെ കുറയും. 2023 മാർച്ച് 31 വരെ ഓഫർ ലഭ്യമാകും. 

എസ്ബിഐ അവതരിപ്പിച്ച പുതിയ ഓഫർ പ്രകാരം ഉപഭോക്താക്കൾക്ക് 8.60 ശതമാനം വരെ പലിശ നിരക്കിൽ സാധാരണ ഭവന വായ്പകൾ ലഭിക്കും. ക്രെഡിറ്റ് റേറ്റിംഗുകൾക്കനുസരിച്ച് എസ്ബിഐയുടെ ഭവനവായ്പ നിരക്കുകൾ വ്യത്യാസപ്പെടും എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ നേട്ടങ്ങൾക്ക് പുറമെ സ്റ്റാൻഡേർഡ്, ടോപ്പ്-അപ്പ് ഹൗസ് ലോണുകൾക്കുള്ള പ്രോസസ്സിംഗ് ഫീസും എസ്ബിഐ ഒഴിവാക്കിയിട്ടുണ്ട്.

മുൻപ് 2022 ഒക്ടോബർ 4 മുതൽ 2023 ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന ഒരു അവധിക്കാല ഓഫർ എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. 

ഭവന വായ്പകളുടെ പുതിയ പലിശ നിരക്കുകൾ 

ക്രെഡിറ്റ് സ്‌കോറുകൾ 700-നും 800-നും ഇടയിലുള്ള ഉപഭോക്താക്കൾക്ക് സാധാരണ ഭവനവായ്പയിൽ 30 മുതൽ 40 ബിപിഎസ് വരെയുള്ള ഭവനവായ്പ നിരക്കുകളിൽ കിഴിവുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. സിബിൽ  സ്‌കോർ കുറഞ്ഞത് 800 ആണെങ്കിൽ എസ്ബിഐയുടെ ഭാവന വായ്പ നിരക്ക്  8.60 ശതമാനം ആയിരിക്കും. ഇത് സാദാരണ നിരക്കായ  8.90
ശതമാനത്തേക്കാൾ 30 ബിപിഎസ് കുറവാണ്. യഥാക്രമം 700 മുതൽ 749, 750 മുതൽ 799 വരെയുള്ള ക്രെഡിറ്റ് സ്‌കോറുകൾക്ക് ബാങ്ക് 40 ബേസിസ് പോയിന്റുകൾ ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. അതായത് ഒൻപത് ശതമാനം,  9.10 ശതമാനം എന്നിങ്ങനെ നിരക്കുകൾ ഉള്ള പലിശ നിരക്കുകൾ 8.60, 8.70 ശതമാനായി കുറച്ചു.

അതേസമയം, 650 നും 699 നും ഇടയിലുള്ള ക്രെഡിറ്റ് സ്‌കോറുകളുള്ള ഭവന വായ്പകളുടെ നിരക്കുകൾ 9.20 ശതമാനമാണ്, 550 നും 649 നും ഇടയിൽ ക്രെഡിറ്റ്  സ്‌കോറുകളുള്ളവയും നിരക്കിൽ മാറ്റമില്ലാതെ തുടരും. കൂടാതെ, സ്ത്രീ വായ്പക്കാർക്ക് 5 ബിപിഎസ് കിഴിവും  ശമ്പള അക്കൗണ്ടുള്ള ആളുകൾക്ക് 5 ബിപിഎസ് കിഴിവും എസ്ബിഐ  വാഗ്ദാനം ചെയ്യുന്നു.

 

click me!