
ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ജെറ്റ് എയര്‍വേസിനെ രക്ഷിക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി വായ്പദാതാക്കള്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി കമ്പനിയുടെ 75 ശതമാനത്തോളം ഓഹരികള്‍ വില്‍ക്കാനാണ് എസ്ബിഐയുടെ നേതൃത്വത്തിലുളള വായ്പദാതാക്കളുടെ കൂട്ടായ്മയുടെ ശ്രമം. ഇന്ത്യയിലെ ഏറ്റവും പഴയ സ്വകാര്യ വിമാനക്കമ്പനിയുടെ നിലനില്‍പ്പ് തന്നെ തീരുമാനിക്കുന്ന ഇടപാടിനായുളള പ്രാരംഭ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണിപ്പോള്‍.
നാളെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി. വായ്പദാതാക്കളുടെ കണ്‍സോഷ്യമാണ് ഓഹരി വില്‍പ്പനയുമായി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ജെറ്റ് എയര്‍വേസിന് തകര്‍ന്നാല്‍ ഏകദേശം 23,000 ത്തോളം ആളുകളുടെ തൊഴില്‍ നേരിട്ടും അല്ലാതെയും നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലൊരു സാഹചര്യം ഒഴിവാക്കന്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരും സജീവമായി ഇടപെടുകയാണിപ്പോള്‍.
ജെറ്റിന്‍റെ തകര്‍ച്ച ഒഴിവാക്കാന്‍ ഏതുവിധേനയും പ്രശ്ന പരിഹാരം സ്വീകരിക്കാനാണ് ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതിനിടെ മുംബൈ ഓഹരി വിപണിയില്‍ ജെറ്റിന്‍റെ ഓഹരി മൂല്യത്തില്‍ ഇടിവുണ്ടായി. ഈ വര്‍ഷം ജെറ്റ് എയര്‍വേസിന്‍റെ ഓഹരി വിപണിയിലെ നഷ്ടം ഇതോടെ 9.1 ശതമാനമായി. ജെറ്റിനെ ഉടമസ്ഥത ആരാകും സ്വന്തമാക്കുകയെന്ന ആകാംക്ഷയിലാണിപ്പോള്‍ ഇന്ത്യന്‍ വ്യോമയാന മേഖല.