ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ തിങ്കളാഴ്ച ആരംഭിക്കും; ഡിജിറ്റൽ കറൻസി ബിൽ സഭയിൽ എത്തും

By Web TeamFirst Published Mar 7, 2021, 3:30 PM IST
Highlights

പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് സെഷന്റെ രണ്ടാം ഭാഗം നടക്കുന്നത്.
 

ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ തിങ്കളാഴ്ച ആരംഭിക്കും. നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലുളള പ്രചരണം നടക്കുന്നതിനിടെയാണ് ബജറ്റ് സമ്മേളനം ചേരുന്നത്. 

വിവിധ നികുതി നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ധനകാര്യ ബില്ലിനൊപ്പം 2021-22 വർഷത്തേക്കുള്ള ഗ്രാന്റുകൾക്കായുള്ള വിവിധ സഭാ നടപടികൾ പൂർത്തീകരിക്കുകയെന്നിവയാണ് രണ്ടാം സെഷനിലെ സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഈ നിർബന്ധിത അജണ്ടകൾ കൂടാതെ, ഏപ്രിൽ എട്ടിന് സമാപിക്കുന്ന സെഷനിൽ പാസാക്കുന്നതിനായി സർക്കാർ വിവിധ ബില്ലുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി (ഭേദഗതി) ബിൽ, നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡവലപ്മെന്റ് ബിൽ, ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ, ക്രിപ്റ്റോ കറൻസി-ഔദ്യോഗിക ഡിജിറ്റൽ കറൻസി നിയന്ത്രണ ബിൽ എന്നിവയും സർക്കാർ പട്ടികപ്പെടുത്തിയ ചില ബില്ലുകളിൽ ഉൾപ്പെടുന്നു.

പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് സെഷന്റെ രണ്ടാം ഭാഗം നടക്കുന്നത്.

മാർച്ച്-ഏപ്രിൽ മാസങ്ങളിലായി ഈ നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. 
 

click me!