306 കോടി രൂപ മുടക്കി ചെല്ലാനത്ത് കടൽഭിത്തി നിർമ്മിക്കും, രണ്ടാംഘട്ട പദ്ധതിക്ക് അനുമതി

Published : Jul 02, 2025, 09:46 PM IST
chellanam

Synopsis

306 കോടി രൂപ ചെലവിൽ അവശേഷിക്കുന്ന 3.6 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കും.

കൊച്ചി: ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി. 306 കോടി രൂപ ചെലവിൽ അവശേഷിക്കുന്ന 3.6 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കും. തിരുവനന്തപുരത്ത് ഇന്നുചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ചെല്ലാനം തീരത്ത് 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് ശേഷം ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് ചെല്ലാനത്ത് ശാശ്വതമായ പരിഹാര പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്സ്പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.

347 കോടി രൂപ ചിലവിലാണ് കിഫ്ബി വഴി ആദ്യ ഘട്ടം പൂർത്തിയാക്കിയത്. കടലിന് അഭിമുഖമായി മെഗാ വാക്ക് വേയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതായി നിർമ്മിച്ചു. സംസ്ഥാനത്തെ തീരസംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ടെട്രാപോഡ് കടൽ ഭിത്തിക്ക് പുറമേ ബസാർ, കണ്ണമ്മാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമ്മാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തി പൂർക്കിയാക്കിയിരുന്നുവെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയുന്നു. ശരാശരി നൂറ് കോടി രൂപയാണ് ഒരു കി.മീറ്റർ ദൂരം തീര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

"ചെല്ലാനം തീരത്ത് 306 കോടി രൂപ ചിലവിൽ ടെട്രാപോഡ് കടൽഭിത്തിയുടെ രണ്ടാം ഘട്ട പദ്ധതിക്ക് അനുമതിയായ സന്തോഷം പങ്കുവെക്കുകയാണ്. നേരത്തെ വിഭാവനം ചെയ്തതു പോലെ കടൽഭിത്തി പൂർത്തിയാക്കുന്നതിനായി അവശേഷിക്കുന്ന 3.6 കി.മീറ്റർ നീളത്തിൽ കൂടി ടെട്രാപോഡ് ഭിത്തി നിർമ്മിക്കും. തിരുവനന്തപുരത്ത് ഇന്നുചേർന്ന മന്ത്രിതല യോഗത്തിലാണ് ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം കൂടി ഉറപ്പുവരുത്താൻ പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് അനുമതി നൽകിയത്. 7.3 കി.മീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ൽ പൂർത്തിയാക്കിയിരുന്നു. ആദ്യഘട്ടം പൂർത്തീകരിക്കാൻ 347 കോടി രൂപയാണ് ചിലവായത്.

ഈ സർക്കാർ ചുമതലയേറ്റ ശേഷം ആദ്യമായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചത്. 10 കി.മീറ്റർ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളിൽ പുലിമുട്ടും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട് പോകവേ നിർമ്മാണച്ചെലവിൽ വന്ന വ്യത്യാസവും ഐ.ഐ.ടി റിപ്പോർട്ടും അടിസ്ഥാനമാക്കി 7.3 കി.മീറ്റർ ദൂരം കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുകയാണ് ചെയ്തത്. ആദ്യ പദ്ധതി പ്രകാരം ഇനി കടൽഭിത്തി നിർമ്മിക്കാൻ അവശേഷിക്കുന്ന ദൂരം കൂടി ടെട്രാപോഡ് പൂർത്തിയാക്കുന്നതിന് അതിവേഗം തുടർ നടപടികൾ സ്വീകരിക്കും. ഇതിനായി 306 കോടി രൂപയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. ഈ വിശദ പദ്ധതി റിപ്പോർട്ട് ഉള്ളതിനാൽ ഭരണാനുമതി പുതുക്കി നൽകിയാൽ മതിയാകും. പുതുക്കിയ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതിയും ഉടൻ ലഭ്യമാക്കും.

ഇപ്പോഴത്തെ നിർമ്മാണച്ചെലവ് കണക്കാക്കുമ്പോൾ ശരാശരി നൂറ് കോടി രൂപയാണ് ഒരു കി.മീറ്റർ ദൂരം തീര സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. തീര സംരക്ഷണത്തിനായി യൂണിയൻ ഗവണ്മെൻ്റ് നയാ പൈസ ചെലവഴിക്കാൻ തയ്യാറാകാത്ത വേളയിൽ സംസ്ഥാന സർക്കാരിൻ്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധത ജനങ്ങൾക്ക് ബോധ്യപ്പെടും. ദീർഘകാലമായി കടലാക്രമണ ഭീഷണി നേരിടുന്ന ചെല്ലാനത്തിൻ്റെ ദുരിതത്തിന് പരിഹാരം കണ്ടത് എൽ.ഡി.എഫ് സർക്കാരാണ്. രണ്ടാം ഘട്ട പദ്ധതിക്ക് അനുമതി നൽകാൻ ഇടപെട്ട ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നന്ദി രേഖപ്പെടുത്തുന്നു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി കൊച്ചി എം എൽ എ ആയ കെ ജെ മാക്സി നിരന്തരമായ ഇടപെടൽ നടത്തിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, കെ ജെ മാക്സി എം.എൽ.എ എന്നിവർക്കൊപ്പം ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കിഫ്ബി അഡീഷണൽ സിഇഒ മിനി ആൻ്റണി എന്നിവരും ഇന്നത്തെ സുപ്രധാന യോഗത്തിൽ പങ്കെടുത്തിരുന്നു."

 

PREV
Read more Articles on
click me!

Recommended Stories

ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന്നത്തെ വില നിലവാരം
വ്യക്തി​ഗത വായ്പയുടെ ഇഎംഐ എങ്ങനെ കുറയ്ക്കാം? ഈ കാര്യങ്ങൾ അറിയാം